വിവാഹ വാഗ്ദാനം നല്‍കി ടെക്കി യുവതിയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തു. ബെംഗളൂരു വൈറ്റ് ഫീല്‍ഡിലെ പ്രമുഖ കമ്പനി ജീവനക്കാരിയില്‍ നിന്നാണു യുവാവും ഭാര്യയും സഹോദരീ സഹോദരന്‍മാരെന്ന് ചമഞ്ഞു വന്‍ തുക തട്ടിയെടുത്തത്. അറിയപ്പെടുന്ന കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗം, വലിയ ശമ്പളം. വീട്ടുകാരുടെ നിര്‍ബന്ധനത്തിനു വഴങ്ങിയാണു മുപ്പതുകാരിയായ യുവതി കൂട്ടുതേടി വൊക്കലിഗ മാട്രിമോണിയില്‍ റജിസ്റ്റര്‍ ചെയ്തത്.
കെങ്കേരി സ്വദേശി വിജയ് രാജ് ഗൗഡയെ പരിചയപ്പെട്ടതും അതുവഴിയാണ്. ക്രഷറും റിയല്‍ എസ്്റ്റേറ്റുമടക്കം കോടികളുടെ ആസ്തിയുള്ള സ്ഥാപനയുടമയാണെന്നാണു വിജയ് രാജ് യുവതിയെ വിശ്വസിപ്പിച്ചത്. തെളിവായി 2019 ല്‍ 750 കോടി രൂപയുടെ ഇടപാടു സംബന്ധിച്ച്. ഇ.ഡിയെടുത്ത കേസിന്റെ രേഖകളും കാണിച്ചു.
ഇടയ്ക്ക് മാതാപിതാക്കളെയും സഹോദരിയെയും കൂട്ടിക്കൊണ്ടുവന്നു വിജയ് യുവതിയുടെയും കുടുംബത്തിന്റെയും വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. കേസില്‍ പെട്ടതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നു വിശ്വസിപ്പിച്ചാണു യുവതിയുടെ പേരില്‍ വന്‍ തുക വായ്പയെടുപ്പിച്ചു. കൂടാതെ മാതാപിതാക്കളില്‍ നിന്നും പലപ്പോഴായി ഒരു കോടി അമ്പത്തിമൂന്നു ലക്ഷം രൂപ വാങ്ങിയെടുത്തു. വായ്പയുടെ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും കാര്യമുണ്ടായില്ല.
തുടര്‍ന്നു യുവതി യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണു ഞെട്ടിയത്. നേരത്തെ സഹോദരിയെന്നു പരിചയപ്പെടുത്തിയിരുന്ന സ്ത്രീ വിജയുടെ ഭാര്യയാണെന്നും മൂന്നു വയസുള്ള കുട്ടിയുണ്ടെന്നും വ്യക്തമായി. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുയായിരുന്നു. വിജയ് , മാതാപിതാക്കള്‍, ഭാര്യ എന്നിവര്‍ക്കെതിരെ കെങ്കേരി പൊലീസ് കേസെടുത്തു.