ottappalam-crime

ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. തോട്ടക്കര നാലകത്ത് നസീർ(63), ഭാര്യ സുഹറ (60) എന്നിവരാണു വെട്ടേറ്റു മരിച്ചത്. ലഹരി കേസുകളിലടക്കം പ്രതിയായ മുഹമ്മദ് റാഫിയെ ഒറ്റപാലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. 

ഇന്നലെ രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. റാഫിയുടെ ഭാര്യ സുൽഫത്തും മൂന്ന് വയസുകാരൻ മകനും സുൽഫത്തിന്റെ വീട്ടിലാണ് മാസങ്ങളായി താമസിക്കുന്നത്. കുട്ടിയുടെ അവകാശത്തിന്റെ പേരിൽ സുൽഫത്തും കുടുംബവുമായി റാഫിക്ക്  തർക്കങ്ങളുണ്ടായിരുന്നു. രണ്ട് ദിവസം മുൻപും വീട്ടിലെത്തി കുട്ടിയെ ചോദിച്ചിരുന്നു. കുട്ടിയെ കാണാൻ അനുവദിക്കാത്തതിന്റെ പകയാണ് കൊലപാതകം നടത്താൻ കാരണമായി പ്രതി പൊലീസിനോട് പറഞ്ഞത്

നസീറിനെയും സുഹറയെയും വെട്ടി കൊലപ്പെടുത്തിയ റാഫി സ്വന്തം മകനെയും ആക്രമിച്ചു. ഇഷാന് തോളിലാണ് സാരമായി പരുക്കേറ്റത്. കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് ഓടിയതിനാൽ സുൽഫത്തിനെ ആക്രമിക്കാൻ റാഫിക്ക് കഴിഞ്ഞില്ല.കൊലപാതക നടത്തിയ ശേഷം ഓടി മറഞ്ഞ റാഫിയെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. റാഫി കൈ മുറിച്ച് ആത്മഹത്യ ശ്രമിച്ചെങ്കിലും അപകട നില തരണം ചെയ്തു.

ENGLISH SUMMARY:

Ottapalam murder case: A couple was brutally murdered in Ottapalam, Kerala, and their grandchild sustained critical injuries. Police have launched an investigation to apprehend a relative suspected of the crime.