കൊല്ലം സായ് ഹോസ്റ്റലിലെ കടലുണ്ടി സ്വദേശിയായ വിദ്യാര്‍ഥിയുടെ മരണത്തില്‍ അധ്യാപകനെതിരെയുള്ള കുടുംബത്തിന്‍റെ ആരോപണങ്ങള്‍ ശരിവച്ച് സഹപാഠികളും. മരണത്തിന് ഉത്തരവാദി അധ്യാപകനാണെന്ന് പറയുന്ന വാട്സാപ്പ് ചാറ്റുകള്‍ മനോരമ ന്യൂസിന് ലഭിച്ചു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ചുവിശ്വസിക്കുകയാണ് കുടുംബം.
കോഴിക്കോട് കടലുണ്ടിയിലെ ചെത്തിതേയ്ക്കാത്ത വീടിന്‍റെ പ്രതീക്ഷയായിരുന്നു സാന്ദ്ര. സാമ്പത്തികപ്രശ്നങ്ങള്‍ തീര്‍ത്ത് ജപ്തിഭീഷണിയിലുള്ള വീട് തിരിച്ച് പിടിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് സാന്ദ്ര എന്നന്നേക്കുമായി യാത്രയായത്. മരിക്കുന്നതിന്‍റെ തലേദിവസവും വിശേഷങ്ങള്‍ പങ്കുവെച്ച മകള്‍ എങ്ങനെ ആത്മഹത്യ ചെയ്യുമെന്നാണ് അമ്മയുടെ ചോദ്യം.
സായി അധികൃതര്‍ക്ക് വിദ്യാര്‍ഥിനികളുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരണത്തിന് കാരണക്കാരന്‍ അധ്യാപകന്‍ ആണെന്നാണ് സഹപാഠികളും പറയുന്നത്. ഇക്കാര്യങ്ങള്‍ ഇവര്‍ വാട്സാപ്പില്‍ ചാറ്റ് ചെയ്യുന്നതിന്‍റെ സ്ക്രീന്‍ഷോട്ടുകളും അന്വേഷണസംഘം പരിശോധിക്കും. ആരോപണ വിധേയനായ അധ്യാപകന്‍ സംഭവദിവസം ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകാത്തത് ചില സംശയങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്.
സഹിക്കാവുന്നതിന്‍റെ അപ്പുറവും സഹിച്ചുവെന്ന കുറിപ്പും മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ചിരുന്നു. അധ്യാപകന്‍റെ മാനസിക പീഡനത്തെക്കുറിച്ചാണ് സാന്ദ്ര ചൂണ്ടിക്കാട്ടിയതെന്നും കുടുംബം പറയുന്നു.