മലപ്പുറം വാണിയമ്പലത്ത് റെയില്‍വേ ട്രാക്കിനരികില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി പെണ്‍കുട്ടിയെ നേരത്തെയും ശല്യപ്പെടുത്തിയിരുന്നതായി വിവരം. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി സ്കൂളിലെത്തിയിരുന്നില്ല. പിന്നീട് വൈകീട്ട് ആറിന് പെണ്‍കുട്ടി തന്നെ വീട്ടിലേക്ക് ഫോണ്‍വിളിച്ചിരുന്നു. ഉടന്‍ വീട്ടിലെത്തുമെന്നാണ് കുട്ടി വീട്ടില്‍ അറിയിച്ചിരുന്നത്.
മലപ്പുറത്ത് പതിനഞ്ചുകാരിയെ കൊന്ന് റെയില്‍വേ ട്രാക്കിനരികിലിട്ടു; പതിനാറുകാരന്‍ പിടിയില്‍
കുട്ടിയെ കാണാതായതിന് പിന്നാലെ ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. പിന്നീടാണ് ഏറ്റവും ഒടുവിൽ പെണ്‍കുട്ടിയുടെ ടവർ ലൊക്കേഷൻ കണ്ട തൊടികപ്പുലം ഭാഗത്ത് പൊലീസിന്റെ അന്വേഷണം എത്തുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള 16 കാരന്‍ തന്നെയാണ് പൊലീസിന് മൃതദേഹം കാണിച്ചു കൊടുത്തത്.
പെണ്‍കുട്ടിയെ നേരത്തെ ശല്യം ചെയ്തതിന്‍റെ പേരില്‍ 16 കാരനെതിരെ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. ഇക്കാരണത്താല്‍ കുട്ടിയെ ഇന്നലെ മുതല്‍ സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ പ്ലസ് ടു വിദ്യാര്‍ഥി കുറ്റം സമ്മതിക്കുകയായിരുന്നു. ബലാല്‍സംഗം നടന്നുവെന്നും അതിനുശേഷം കൊലപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അധികം അകലെയല്ലാത്ത കാടുമൂടിയ സ്ഥലത്താണ് ഉപേക്ഷിച്ചിട്ടുള്ളത്.