നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാനേതാവുമായ മരട് അനീഷ് കൊച്ചിയില്‍ പിടിയില്‍. പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ്പ് കേസ് പ്രതിക്കായുള്ള അന്വേഷണത്തിനിടെയാണ് യാദൃശ്ചികമായി അനീഷ് കുടുങ്ങിയത്. കൊയമ്പത്തൂര്‍ സ്വര്‍ണക്കൊള്ളക്കേസില്‍ ഒന്നാംപ്രതിയായ അനീഷിനെ കസ്റ്റഡിയിലെടുക്കാന്‍ ചാവടി പൊലീസും കൊച്ചിയിലെത്തി.

മുളവുകാട് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഈ പ്രതിയുടെ താമസം. ഇയാളുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയപ്പോളാണ് അനീഷിനെ അവിടെ കണ്ടെത്തുന്നതും കസ്റ്റഡിയിലെടുക്കുന്നതും.  അനീഷിനെ മുളവുകാട് പൊലീസിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊയമ്പത്തൂര്‍ സ്വര്‍ണക്കൊള്ളയില്‍ അനീഷ് ഒന്നാംപ്രതിയാണെന്ന് വിവരം പൊലീസിന് ലഭിക്കുന്നത്. 

കഴിഞ്ഞ മെയിലാണ് കൊയമ്പത്തൂരിൽ കാർ തടഞ്ഞു തൃശൂർ സ്വദേശിയുടെ ഒന്നേകാല്‍ കിലോ സ്വർണം ഒരു സംഘം കവര്‍ന്നത്. ലോറിയിലെത്തിയ കവർച്ച സംഘം കാർ തടഞ്ഞു നിര്‍ത്തിയായിരുന്നു സ്വര്‍ണക്കവര്‍ച്ച. ഇത് മരട് അനീഷിന്‍റെ ക്വട്ടേഷനാണെന്നാണ് തമിഴ്നാട് ചാവടി പൊലീസ് കണ്ടെത്തിയത്. അനീഷിന്‍റെ കൂട്ടാളിയായ കരുണിനെ തമിഴ്നാട് പൊലീസ് രണ്ട് മാസം മുന്‍പ് കൊച്ചിയില്‍ നിന്ന് പിടികൂടുകയും ചെയ്തു. ഒളിവില്‍ പോയ അനീഷ് ഇതിനിടെ പല മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. 

പൊലീസിന്‍റെ കണ്ണുവെട്ടിച്ച് അതിവിദഗ്ദമായി മുങ്ങി നടന്ന അനീഷാണ് മറ്റൊരു കേസിന്‍റെ അന്വേഷണത്തിനിടെ കുടുങ്ങിയത്. 2005ല്‍ സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന അനീഷിനെതിരെ വാറണ്ട് നിലവിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോടതിയില്‍ ഹാജരാക്കിയ അനീഷിനെ റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെത്തിയ തമിഴ്നാട് പൊലീസ് അനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കും. 

ENGLISH SUMMARY:

Maradu Aneesh, a notorious criminal and gang leader, has been arrested in Kochi. He was apprehended during an investigation into a honeytrap case, and is also the prime accused in the Coimbatore gold robbery case.