​​

തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലറെ രാത്രിയില്‍ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് പൊലീസ്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച് കൗണ്‍സിലറുടെ അനുയായികളും ബന്ധുക്കളും. ഒടുവില്‍ ആകാശത്തേക്ക് വെടിവെച്ച് പൊലീസ്. ഇതിനെ എതിര്‍ത്ത് ബി.ജെ.പിയും അനുകൂലിച്ച് ആഭ്യന്തരമന്ത്രി ഉള്‍പ്പടെയുള്ള പൊലീസ് സംവിധാനവും. ഒറ്റ രാത്രികൊണ്ട് തലസ്ഥാന നഗരത്തില്‍ സംഭവ ബഹുലമായ കാഴ്ചകളാണ് അരങ്ങേറിയത്.

ഇതോടെ ആരാണ് ഈ സുഗതന്‍ എന്നതാണ്  ഉയരുന്ന പ്രധാന ചോദ്യം..എന്തിനാണ് ബി.ജെ.പി കൗണ്‍സിലറായ സുഗതനെ ഇങ്ങിനെ വെടിയൊക്കെ വെച്ച് അറസ്റ്റ് ചെയ്തതെന്നും ചോദ്യം ഉയരുന്നുണ്ട്.

 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍. ബി.ജെ.പിയുടെ വട്ടിയൂര്‍ക്കാവിലെ യുവനേതാക്കളില്‍ പ്രമുഖന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തകനായി അറിയപ്പെടുന്നതിനൊപ്പം 'ഗുണ്ടാനേതാവ്' കൂടിയാണ് സുഗതന്‍.   

2014 മുതല്‍ ഇന്ന് വരെയുള്ള 12 വര്‍ഷത്തിനിടെ പന്ത്രണ്ട് കേസിലാണ് സുഗതന്‍ പ്രതി. അതില്‍ വധശ്രമവും വീട് കയറി ആക്രമണവും ഭീഷണിയും അസഭ്യവര്‍ഷവുമൊക്കെയുണ്ട്. 

 

2012 മുതല്‍ വട്ടിയൂര്‍ക്കാവ് പൊലീസ് തയാറാക്കിയ റൗഡി ലിസ്റ്റില്‍ സുഗതനുണ്ട്. പല തവണ പൊലീസ് താക്കീത് നല്‍കിയിരുന്നു. പക്ഷെ വീണ്ടും കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തെന്നാണ് പൊലീസിന്‍റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പത്ത് കേസുകളില്‍ പ്രതിയായിരിക്കെയാണ് ബി.ജെ.പി സുഗതനെ വാഴോട്ടുകോണത്ത് സ്ഥാനാര്‍ഥിയാക്കിയതും ജയിച്ച് കയറിയതും.

 

ജയിച്ച ശേഷവും സുഗതന്‍ കേസില്‍ പ്രതിയാകുന്നത് തുടര്‍ന്നു. രണ്ട് കേസുകളിലാണ് പ്രതിയായത്. അതില്‍ ആദ്യത്തെ കേസ് വട്ടിയൂര്‍ക്കാവ് എം.എല്‍.എയായിരുന്ന വി.കെ.പ്രശാന്തിനെ തടഞ്ഞതാണ്. ആ കേസില്‍ അറസ്റ്റിന് പൊലീസ് ശ്രമിക്കുന്നതിനിടെയാണ് അതിലും ഗുരുതരമായ വധശ്രമക്കേസില്‍ പ്രതിയാകുന്നത്.

 

മാര്‍ച്ച് 23ന് വട്ടിയൂര്‍ക്കാവിലെ ഒരു ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. സി.പി.എം പ്രവര്‍ത്തകനെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് വീഴ്ത്തി. ഒന്നാം പ്രതിയാക്കി കേസെടുത്തതോടെ ഒളിവില്‍ പോയി. പിന്നീട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പോലും ബി.ജെ.പി അംഗത്തിന് വരാനാവാതായി. അതിനിടെ ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയും ഒന്നാം തീയതി തള്ളി. ഏഴ് ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ആ സമയ പരിധി ഏഴാം തീയതി അവസാനിച്ചിട്ടും സുഗതന്‍ ഒളിവില്‍ തുടര്‍ന്നു.

 

അതിനിടെ എട്ടാം തീയതി സുഗതന് മേല്‍ കാപ്പാ കുറ്റം ചുമത്തി കരുതല്‍ തടങ്കലിലാക്കാന്‍ തിരുവനന്തപുരം കലക്ടര്‍ അനുകുമാരി ഉത്തരവിട്ടു. ഇത് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്നലെ പൊലീസ് എത്തിയതും നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതും.

 

അങ്ങിനെ സമീപകാലത്ത് കാപ്പാ ചുമത്തപ്പെടുന്ന ജനപ്രതിനിധിയും വെടിയുതിര്‍ത്ത് പിടിക്കേണ്ടിവരുന്ന കൗണ്‍സിലറുമായി മാറിയിരിക്കുകയാണ് ഈ ബി.ജെ.പി അംഗം ആര്‍.സുഗതന്‍.

 

ENGLISH SUMMARY:

R. Sugathan, a BJP councillor from Thiruvananthapuram's Vazhottukonam ward, was arrested following a dramatic police operation that included warning shots being fired into the air. Facing multiple criminal cases, including attempted murder, Sugathan was placed under preventive detention under the KAAPA Act. The incident has sparked political controversy between the BJP and the Kerala government over the police action.