ചെന്നൈ കില്‍പ്പോക്ക് മെഡിക്കല്‍ കോളജില്‍ കുപ്രസിദ്ധ കുറ്റവാളിയെ വെട്ടിക്കൊന്നു. 23 കാരനായ കൊളത്തൂര്‍ സ്വദേശി ആദിയാണ് കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ്. കുപ്രസിദ്ധ കുറ്റവാളിയാണ് കൊല്ലപ്പെട്ട ആദി. കൊലപാതകവും വധശ്രമവുമടക്കം ഏഴോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ആദി ഞായറാഴ്ച രാത്രി സഹപാഠിയായ സുചിത്രയെ കാണാന്‍ ആണ് ആശുപത്രിയിലേക്ക് വന്നത്. സുചിത്ര കഴിഞ്ഞ ഡിസംബര്‍ 16ന് ഒരു കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. മാസം തികയാതെയുള്ള പ്രസവമായിരുന്നു ഇത്.
കുറച്ച് ദിവസമായി കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഇന്നലെ കുഞ്ഞ് മരിച്ചു. ഇതറിഞ്ഞാണ് ആദി ആശുപത്രിയിലേക്ക് എത്തിയത്. സുചിത്രയെ കാണുകയും മറ്റേണിറ്റി വാര്‍ഡിന് അടുത്തുള്ള വെയ്റ്റിങ് ഏരിയയില്‍ തങ്ങുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹെല്‍മറ്റ് വച്ച ഒരു സംഘം ആശുപത്രിയിലേക്ക് വരികയും ആദിയെ വളഞ്ഞ് ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാള്‍ കൊല്ലപ്പെട്ടു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കേസില്‍ രണ്ടുപേരെ അറസ്റ്റുചെയ്തുവെന്നാണ് വിവരം. 2023–ല്‍ പളനിയെന്നയാളെ കൊലപ്പെടുത്തിയതില്‍ ആദിക്ക് പങ്കുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണോ കൊലപാതകം എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.