software-engineer-murder-bangalore

സോഫ്റ്റ്‌വെയർ എന്‍ജിനീയറായ യുവതിയെ ബെംഗളൂരുവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ലൈംഗികാതിക്രമം എതിര്‍ത്തതിനെ തുടര്‍ന്ന് 18 വയസുകാരനായ യുവാവ് 34 കാരിയായ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ പ്രതിയായ കർണാൽ കുറെ (18)യെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ജനുവരി 3 നാണ് രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തീപിടിത്തമുണ്ടായതിനെ തുടർന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. പിന്നാലെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സമീപത്ത് താമസിക്കുന്ന കർണാൽ കുറെയെ കസ്റ്റഡിയില്‍ എടുക്കുന്നത്.

ലൈംഗികാതിക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ജനുവരി 3 ന് രാത്രി 9 മണിയോടെ പ്രതി യുവതിയുടെ വീട്ടില്‍ കയറുകയായിരുന്നു. അപ്പാര്‍ട്ട്മെന്‍റിലെ സ്ലൈഡിങ് ജനാല വഴിയാണ് പ്രതി വീട്ടില്‍ കയറിയത്. ലൈംഗിക പീഡനത്തിനിടെ യുവതി എതിർത്തപ്പോൾ ബലമായി വായും മൂക്കും മൂടിക്കെട്ടി, മര്‍ദിക്കുകയും ചെയ്തു. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി. പിന്നാലെ പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിൽ പ്രതി യുവതിയുടെ വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിലെ മെത്തയിലിട്ട് തീകൊളുത്തുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോണ്‍ പ്രതി മോഷ്ടിച്ചതായും പൊലീസ് പറയുന്നു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) (കൊലപാതകം), 64(2), 66, 238 (തെളിവുകൾ നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

A 34-year-old female software engineer was found murdered in her apartment at Ramamurthy Nagar, Bengaluru. The police arrested an 18-year-old neighbor named Karnal Kure for the brutal crime. Investigations revealed that the accused broke into her home with the intent of sexual assault. When the victim resisted the attack, the suspect smothered her to death and later set fire to the room to destroy evidence. He also reportedly stole her mobile phone before fleeing the scene through a sliding window. The suspect has been charged under various sections of the Bharatiya Nyaya Sanhita, including murder and destruction of evidence.