തന്റെ സ്ഥാപനം പൂട്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു പാലക്കാട് മുൻ നഗരസഭ അധ്യക്ഷ പ്രമീള ശശിധരനെതിരെ പാലക്കാട്ടെ വ്യാപാരി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനു പരാതി നൽകി. പ്രമീള തന്നോട് വ്യക്തിവൈരാഗ്യം തീർക്കുന്നുവെന്ന് കാണിച്ചാണ് പരാതി. പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം.
പാലക്കാട് നഗരത്തിൽ KL ഇന്റർനാഷണൽ ഡോർസ് എന്ന സ്ഥാപനം നടത്തുന്ന അരവിന്ദകുമാറാണ് പ്രമീള ശശിധരനെതിരെ ഇമെയിൽ വഴി പരാതി നൽകിയത്. ലൈസൻസ് ഇല്ലെന്നു ആരോപിച്ച് തന്റെ വ്യാപാരം പൂട്ടിക്കാൻ പ്രമീള ശ്രമിക്കുന്നുവെന്നും സ്ഥാപനത്തിന് അനുമതി ഇല്ലെന്ന് കാണിച്ചു നിരന്തരം നോട്ടീസ് അയക്കുന്നുവെന്നും പരാതിയിലുണ്ട്. മുമ്പ് താൻ കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചതിനാണ് ശത്രുത തീർക്കുന്നതെന്നും ബിജെപിക്കാരനായ തന്റെ പ്രശ്നത്തിൽ ഇടപെടണമെന്നും രാജീവ് ചന്ദ്രശേഖറോട് പരാതിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ 2025ൽ നൽകിയ പരാതിയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് വീണ്ടും നൽകിയതെന്നുമാണ് പ്രമീളയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി സാധ്യത പട്ടികയിൽ പ്രമീളയുടെ പേരുമുണ്ടെന്നും അതില്ലാതാക്കാനുള്ള ശ്രമമാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വിശദീകരണം. പരാതി രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന ജില്ലാ നേതൃത്വമോ പ്രമീളാ ശശിധരനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല