കർണാടകയിൽ യുവതിയെ പൊലീസ് വാഹനത്തിൽ വസ്ത്രമുരിഞ്ഞു മർദ്ദിച്ചെന്ന് ആരോപണം. ഹുബ്ബള്ളി കേശവപുര പൊലീസാണ് ബി.ജെ.പി പ്രവർത്തകയെ അടിവസ്ത്രത്തിൽ നിർത്തി മർദ്ദിച്ചെന്ന ആരോപണം ഉയർന്നത്. അതേസമയം, യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ചു നാടകം കളിച്ചതാണെന്ന വിശദീകരണവുമായി പൊലീസും രംഗത്തെത്തി.
കേശവപുര ചാലൂക്യ നഗറിൽ എസ്.ഐ.ആറിനെ (S.I.R) ചൊല്ലി നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായിരുന്നു. പ്രദേശത്തെ യുവതി കോൺഗ്രസുകാരിയായ മുൻസിപ്പൽ കൗൺസിലർ വഴി പൊലീസിൽ പരാതി നൽകി. പൊലീസെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി പ്രവർത്തക എതിർത്തു. ബലം പ്രയോഗിച്ചു ബസിൽ കയറ്റിയ ശേഷം മേൽവസ്ത്രങ്ങൾ വലിച്ചുകീറി പൊലീസുകാർ മർദ്ദിച്ചെന്നാണ് ആരോപണം.
യുവതി സ്വയം വസ്ത്രമുരിഞ്ഞതാണെന്നാണ് പൊലീസ് വാദം. സംഭവത്തിൽ കർശന നടപടി വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. യുവതി സ്വയം വസ്ത്രങ്ങളഴിച്ചതാണെന്നും അതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നും അവകാശപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷയും രംഗത്തെത്തിയതോടെ സംഭവം വൻ രാഷ്ട്രീയ വിവാദമായി.