രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിനാസ്പദമായ സംഭവത്തിലെ അതിജീവിത രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി. കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ, വീണ്ടും സൈബർ ആക്രമണത്തിന് സാഹചര്യം ഒരുക്കി തന്നെ അവഹേളിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയെ അപമാനിക്കാനോ അവഹേളിക്കാനോ പാടില്ലെന്നും സൈബർ ആക്രമണത്തിന് വഴിമരുന്നിടരുത് എന്നുമുള്ള കർശനമായ ജാമ്യവ്യവസ്ഥ നിലനിൽക്കെയാണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തുനിന്ന് ലംഘനമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
അതിജീവിത നൽകിയ പരാതി ഐ.ജി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യം ലഭിച്ചതിനുശേഷവും രാഹുൽ ഈശ്വർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോകൾ യുവതിയെ അവഹേളിക്കുന്നതാണെന്നും ഇത് തന്നെ മാനസികമായി തളർത്തുന്ന സൈബർ ആക്രമണങ്ങൾക്ക് വീണ്ടും കാരണമായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ഇപ്പോൾ ഈ പരാതിയുടെയും വിഡിയോകളുടെയും സത്യാവസ്ഥ പരിശോധിച്ചു വരികയാണ്.
ജാമ്യവ്യവസ്ഥയുടെ ലംഘനം നടന്നുവെന്ന് സൈബർ പൊലീസിന്റെ പരിശോധനയിൽ വ്യക്തമായാൽ, പൊലീസ് ഇക്കാര്യം കോടതിയെ റിപ്പോർട്ട് ചെയ്യും. കോടതി റിപ്പോർട്ട് പരിഗണിക്കുന്ന മുറയ്ക്കായിരിക്കും ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക.