സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കുട്ടിയെ ബലിനല്‍കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. ബെംഗളുരു ഹൊസ്കോട്ടെ സുളിബലെ കോളനിയാണു നടുക്കുന്ന സംഭവം. വിലകൊടുത്തുവാങ്ങിയ കുട്ടിയെ കുഴിച്ചുമൂടാനായി വീടിനകത്ത് കുഴിയെടുത്തപ്പോഴേക്കും രഹസ്യ വിവരംകിട്ടിയ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയായിരുന്നു.
രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഹൊസ്കോട്ടെ താലൂക്കിലെ സൂളിബലെ ഗ്രാമം മനുഷ്യ ജീവന്‍ ബലിനല്‍കാന്‍ ശ്രമിച്ചെന്നറിഞ്ഞുള്ള െഞട്ടലിലാണ്. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന സെയ്യിദ് ഇംമ്രാന്‍ എട്ടുമാസം മുന്‍പാണ് കുടിയേറ്റത്തൊഴിലാളിയുടെ കുട്ടിയെ പണംകൊടുത്തു വാങ്ങിയത്. പിന്നീട് കുട്ടിക്കു വ്യാജ ജനന സര്‍ട്ടിഫിക്കറ്റടക്കം ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അസാധാരണമായ രീതിയില്‍ കോണ്‍ക്രീറ്റ് വീടിന്റെ തറ കുഴിക്കുന്നതും ബലത്തറയുണ്ടാക്കിയതും ശ്രദ്ധയിയില്‍പെട്ട അയല്‍വാസികള്‍ ശിശു സംരക്ഷണ സമിതിയെ അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെത്തുമ്പോള്‍ ബലി നല്‍കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ നിലയിലായിരുന്നു. എട്ടുമാസം പ്രായമുള്ള ആണ്‍കുട്ടിയെ രക്ഷപെടുത്തി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.പൗര്‍ണമി നാളായ ഇന്നലെ രാത്രി കുട്ടിയെ ബലി നല്‍കിയ ശേഷം വീട്ടിനകത്ത് തന്നെ കുഴിച്ചുമൂടാനായിരുന്നു ശ്രമമെന്ന് പൊലീസ് കണ്ടെത്തി. ഇംമ്രാനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.