മൃതദേഹങ്ങള്‍ കുഴിച്ചെടുക്കും. വീട്ടില്‍ കൊണ്ടുവന്ന് കറിവയ്ക്കും. അത് തുല്യമായി പങ്കിട്ടെടുത്ത് ഭക്ഷിക്കും. ഒടുവില്‍ പൊലീസ് പിടികൂടുമ്പോഴേക്കും ഈ സഹോദരങ്ങള്‍ ഭക്ഷിച്ചത് നൂറിലേറെ മൃതദേഹങ്ങള്‍. ലോകത്തെയാകെ നടുക്കിയ പാകിസ്ഥാനിലെ 'നരഭോജി സഹോദരങ്ങളുടെ' ചോര മരവിപ്പിക്കുന്ന കഥ.
2011 ഏപ്രില്‍ മാസത്തിലാണ് സംഭവങ്ങളുടെ തുടക്കം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഭക്കർ ജില്ലയിലെ ഒരു പള്ളിയില്‍ നിന്ന് തലേദിവസം ഖബറടക്കിയ 24കാരിയുടെ മൃതദേഹം കാണാതാകുന്നു. ഖബറില്‍ നിന്ന് മണ്ണ് നീക്കി മൃതദേഹം കുഴിച്ചെടുത്തതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ നാട്ടുകാര്‍ക്കും പള്ളി അധികാരികള്‍ക്കും ബോധ്യമായി. എന്നാല്‍ ഈ ദുഷ്പ്രവര്‍ത്തി ആര്, എന്തിന് ചെയ്തുവെന്ന ചോദ്യം ബാക്കിയായി.
പരാതി ലഭിച്ചതോടെ പൊലീസ് സമഗ്ര അന്വേഷണം തുടങ്ങി. ഖബറിലെ മണ്ണ് നീക്കിയത് നായയോ മറ്റ് ജീവികളോ അല്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടു. അപ്പോഴാണ് ചടങ്ങിനെത്തിയ ഒരാള്‍ തനിക്ക് തോന്നിയ സംശയം പുറത്തുപറയുന്നത്. പള്ളിയില്‍ മൃതദേഹം മറവ് ചെയ്യുന്ന സമയത്ത് രണ്ട് ചെറുപ്പക്കാരെ ആ സ്ഥലത്ത് കണ്ടുവെന്നും അവര്‍ ദൂരെ മാറി നിന്ന് സംസ്കാര ചടങ്ങുകള്‍ വീക്ഷിക്കുകയുമായിരുന്നുവെന്ന് അയാള്‍ മൊഴി നല്‍കി. പ്രദേശവാസിയായ മറ്റൊരാളും ഇതേ സംശയം പ്രകടിപ്പിച്ചു.
രണ്ട് യുവാക്കളില്‍ ഒരാള്‍ തൂമ്പയുമായി ശ്മശാനത്തിനരികിലൂടെ നടന്നുപോകുന്നത് കണ്ടുവെന്ന് രണ്ടാമത്തെയാള്‍ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗ്രാമത്തിലെ മുഹമ്മദ് ആരിഫ് അലി, മുഹമ്മദ് ഫർമാൻ അലി എന്നീ സഹോദരങ്ങളെ തേടി പൊലീസും നാട്ടുകാരുമെത്തി.
ആ വീട്ടില്‍ ആരിഫിനെയും ഫര്‍മാനെയും കൂടാതെ സഹോദരിമാരും അച്ഛനുമുണ്ടായിരുന്നു. ആരിഫ് റൂമിനുള്ളില്‍ വിശ്രമിക്കുകയായിരുന്നു, ഫര്‍മാന്‍ പുറത്തായിരുന്നു. വീടിനുള്ളില്‍ പരിശോധന നടത്തിയ പൊലീസ് ആദ്യം കണ്ടത് മേശപ്പുറത്ത് തയാറാക്കി വെച്ചിരുന്ന ഇറച്ചിക്കറിയാണ്. വീടിന്‍റെ മുക്കും മൂലയും പൊലീസ് അരിച്ചുപെറുക്കി. ഫര്‍മാന്‍റെ പൂട്ടിയിട്ടിരുന്ന റൂമിന്‍റെ താക്കോല്‍ പൊലീസ് ആവശ്യപ്പെട്ടു. മടിച്ചുമടിച്ചാണെങ്കിലും അവര്‍ താക്കോല്‍ നല്‍കി.
രൂക്ഷഗന്ധം തളംകെട്ടിനിന്ന അരണ്ടവെളിച്ചമുള്ള മുറിയില്‍ ഒരു കോടാലിയും ഇറച്ചിവെട്ടുന്ന കത്തിയും ഒരു തടിപ്പലകയും ഉണ്ടായിരുന്നു. അപ്പോഴാണ് മറ്റൊരു കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. നിലത്തുനിന്ന് ഉറുമ്പുകള്‍ വരിവരിയായി കട്ടിലിനടിയിലേക്ക് നീങ്ങുന്നു. അവിടെ പരിശോധിച്ചപ്പോള്‍ ഒരു ബാഗ് കണ്ടെത്തി.
ബാഗ് തുറന്ന പൊലീസുകാര്‍ നടുങ്ങിവിറച്ചു. തലേദിവസം കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഒടിച്ചുമടക്കി ബാഗില്‍ കയറ്റിവെച്ചിരിക്കുന്നു. പുറത്തെടുത്ത മൃതദേഹത്തില്‍ മുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ചുനീക്കിയിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ മരവിച്ചുനിന്ന പൊലീസിനോട് 'അത് ഞങ്ങള്‍ ഭക്ഷിച്ചുവെന്ന്' ആരിഫ് മൊഴി നല്‍കി. മൃതദേഹം റൂമിനുള്ളിലിട്ട് വെട്ടിമുറിച്ച് കറിവെച്ചു കഴിച്ചു. കറിയുടെ ബാക്കിയാണ് പൊലീസ് ആ റൂമില്‍ കണ്ടത്.
ആരിഫ് സഹോദരങ്ങളെ വിശദമായി ചോദ്യം ചെയ്തു. നരഭോജനം ആദ്യമല്ലായിരുന്നു. മുന്‍പും പലവട്ടം മൃതദേഹങ്ങള്‍ കുഴിച്ചെടുത്ത് ഇറച്ചി പാകംചെയ്ത് ഭക്ഷിച്ചിരുന്നുവെന്ന് അവര്‍ മൊഴി നല്‍കി. അവര്‍ പറഞ്ഞ സ്ഥലത്തെല്ലാം പൊലീസ് പരിശോധന നടത്തുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറിലേറെ ശവശരീരങ്ങളാണ് ഈ സഹോദരങ്ങള്‍ കുഴിച്ചെടുത്ത് ഭക്ഷിച്ചത്. അന്വേഷണം തുടരുന്നതിനിടെ ഇവരുടെ സഹോദരിയെ സമീപത്തെ കനാലില്‍ മരിച്ച നിലയില് കണ്ടെത്തുകയും ചെയ്തു.
കേസ് കോടതിയിലെത്തിയപ്പോഴാണ് മറ്റൊരു അപ്രതീക്ഷിത വഴിത്തിരിവ്. ആ സമയത്ത് പാകിസ്ഥാൻ നിയമവ്യവസ്ഥയിൽ നരഭോജനത്തിനെതിരെ (Cannibalism) പ്രത്യേക നിയമങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട് 'മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന കുറ്റത്തിന് രണ്ട് വർഷം തടവുശിക്ഷ മാത്രമാണ് ശിക്ഷ ലഭിച്ചത്. 2013-ൽ ജയിൽ മോചിതരായ ആരിഫ് സഹോദരങ്ങള്‍ ഗ്രാമത്തില്‍ മടങ്ങിയെത്തിയെങ്കിലും നാട്ടുകാര്‍ ഇവരെ ആട്ടിയകറ്റി.
മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയ ഇവരെക്കുറിച്ച് പിന്നീട് ആ നാട്ടുകാര്‍ക്ക് വിവരമൊന്നുമില്ലായിരുന്നു. എന്നാല്‍ മനുഷ്യമാസത്തോടുള്ള കൊതി ആ നരഭോജികളെ വിട്ടൊഴിഞ്ഞിരുന്നില്ല. 2014 ഏപ്രിലിൽ ഇവരുടെ വീട്ടിൽ നിന്ന് അസഹനീയമായ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. പരിശോധനയില്‍ അഞ്ചുദിവസം പ്രായമായ പിഞ്ചുകുഞ്ഞിന്‍റെ തലയറുത്തുവെച്ചിരിക്കുന്നതാണ് പൊലീസ് കണ്ടത്. മാംസക്കഷ്ണങ്ങള്‍ വീടിനുള്ളില്‍ ചിതറിക്കിടക്കുന്നു. നിലത്ത് ചോര തളംകെട്ടിയിരുന്നു. ഈ സംഭവത്തിന് ശേഷം, ജനങ്ങളിൽ ഭീതി വിതച്ചതിന് ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തി ഇവരെ 12 വർഷം കഠിനതടവിന് ശിക്ഷിച്ചു.
ക്രൂരതയുടെയും മാനസിക വൈകൃതത്തിന്റെയും ഭീകരമായ ഉദാഹരണമെന്നാണ് ലോകം ഈ സഹോദരങ്ങളുടെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്. സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഇത്തരം പ്രവൃത്തികൾ ഇവർക്ക് തെറ്റായി തോന്നിയിരുന്നില്ല എന്നത് മനോരോഗ വിദഗ്ദ്ധരെ പോലും അമ്പരപ്പിച്ചു.