കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് വോട്ട് മാറ്റി ചെയ്ത ആര്‍ജെഡി അംഗം ടി. രജനിയുടെ വീടിന് നേരെ ആക്രമണം. ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു. രജനി വോട്ടുമാറ്റി ചെയ്തതിനെ തുടര്‍ന്ന് വടകര ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായിരുന്നു.
പുലര്‍ച്ചെ നാല് മണിയോടെയാണ് അക്രമം ഉണ്ടായത്. ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. വാതിലുകള്‍ക്കും കേടുപാട് പറ്റി. പുറത്തിറങ്ങിയപ്പോള്‍ കാര്‍പോര്‍ച്ചില്‍ കണ്ടത് സ്റ്റീല്‍ ബോംബിന്‍റെ അവശിഷ്ടങ്ങളാണ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്ന് രജനി പറയുമ്പോള്‍ പിന്നില്‍ സിപിഎം ആണെന്ന് യുഡിഎഫ് പ്രതികരിച്ചു. ഇന്നലെയാണ് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രജനി യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തതും എല്‍ഡിഎഫിന് ഭരണം നഷ്ടമായതും. 7–7 തുല്യനിലയായിരുന്നു അവിടെ. നറുക്കെടുപ്പിലൂടെ ഭരണം ആര്‍ക്കും ലഭിക്കാം എന്ന സാഹചര്യം. എന്നാല്‍ രജനിയുടെ വോട്ട് യുഡിഎഫിന് പോയതോടെ നറുക്കെടുപ്പില്ലാതെ തന്നെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. എന്നാല്‍ വോട്ട് മാറി ചെയ്തത് അബദ്ധം പറ്റിയതാണെന്നായിരുന്നു രജനിയുടെ വിശദീകരണം. ഈ വിശദീകരണം അംഗീകരിച്ചെങ്കിലും ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി രജനിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.