Image Credit:X
ഇന്‍സ്ഗ്രാം സുഹൃത്തിന്‍റെ പ്രണയാഭ്യര്‍ഥന നിഷേധിച്ച പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ആക്രമിച്ചു. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രതി നവീന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ റോഡിലേക്ക് ഇറങ്ങി സ്കൂട്ടറില്‍ കയറാന്‍ ഒരുങ്ങുന്ന പെണ്‍കുട്ടിയുടെ സമീപത്തേക്ക് ഒരു കാര്‍ വന്ന് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് പെണ്‍കുട്ടിക്ക് സമീപത്തേക്ക് എത്തി പഴ്സ് പിടിച്ചു വാങ്ങി. പിന്നാലെ ശരീരത്തില്‍ കടന്നു പിടിച്ചു. പെണ്‍കുട്ടി എതിര്‍ത്തതും തലയിലും പിന്‍ ഭാഗത്തുമായി പൊതിരെ തല്ലി. റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പെണ്‍കുട്ടിയെ യുവാവ് ആക്രമിക്കുന്നത് രണ്ട് മൂന്നുപേര്‍ നോക്കി നിന്നുവെങ്കിലും ആരും ഇടപെടാന്‍ കൂട്ടാക്കിയില്ല.
കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റഗ്രാമിലൂടെയാണ് നവീനെ 21കാരി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഫോണ്‍ നമ്പര്‍ കൈമാറി മെസജുകള്‍ അയയ്ക്കാനും തുടങ്ങി. മാസങ്ങള്‍ കഴിഞ്ഞതോടെ നവീന്‍ പ്രണയാഭ്യര്‍ഥന നടത്തി. പെണ്‍കുട്ടി പക്ഷേ തയാറല്ലായിരുന്നു. നവീന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ സംസാരവും മെസേജ് അയയ്ക്കുന്നതുമെല്ലാം പെണ്‍കുട്ടി അവസാനിപ്പിച്ചു.
ഇതോടെയാണ് പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തിനടുത്തേക്ക് നവീന്‍ എത്തിയത്. പെണ്‍കുട്ടി താമസ സ്ഥലത്ത് നിന്ന് പുറത്തേക്കിറങ്ങി ഓണ്‍ലൈന്‍ ടാക്സിയിലേക്ക് കയറാന്‍ പോയതും നവീന്‍ കാറുമായി മുന്നിലെത്തി. തുടര്‍ന്നാണ് നടുറോഡില്‍ വച്ച് അതിക്രമം കാണിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.