ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ പി.ടി.കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍. മുന്‍കൂര്‍ജാമ്യ ഉപാധി പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹോട്ടല്‍ മുറിയില്‍ കയറിപ്പിടിച്ചെന്ന പരാതി  വ്യാജമെന്നാണ് പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ മൊഴി.

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജോലികൾക്കിടെ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞമാസം 27 ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി 13 ദിവസത്തിന് ശേഷമാണ് പൊലീസിന് കൈമാറിയത്. ഈ സംഭവത്തിൽ ഡബ്ല്യു.സി.സി ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.

കേസിൽ പി.ടി.കുഞ്ഞുമുഹമ്മദിന് ഡിസംബര്‍ 20നാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ജാമ്യ ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്ന ഉപാധിയോടെയായിരുന്നു ജാമ്യം. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. സമാന കേസുകളിൽ അകപ്പെടാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

കേസില്‍ പ്രോസിക്യൂഷന്‍റെയും പ്രതി ഭാഗത്തിന്‍റെയും വിശദമായ വാദം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായിരുന്നു. ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നും കുഞ്ഞുമുഹമ്മദിന് ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചന സംശയിക്കുന്നതായും പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. സംവിധായകന്‍റെ അതിക്രമം അതിജീവിതയെ വല്ലാതെ തളര്‍ത്തി. ആഘാതത്തില്‍ നിന്നും കരകയറാന്‍ ദിവസങ്ങളെടുത്തുവെന്നും രാഷ്ട്രീയപ്രേരിതമായ കേസല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ENGLISH SUMMARY:

Renowned filmmaker PT Kunju Muhammed was arrested by the police following a sexual harassment complaint filed by a film professional. The arrest was recorded as part of the anticipatory bail conditions. The survivor alleged harassment during the IFFK film selection process, while the director dismissed the claims as false.