Image Credit: AI
ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ശുചിമുറിയില്‍ കുഴഞ്ഞു വീണുവെന്ന് പറഞ്ഞ് ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ച യുവതി ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ യുവതിയാണ് കൊലക്കേസില്‍ പിടിയിലായത്. സ്വകാര്യ സര്‍വകലാശാലയിലെ ജീവനക്കാരനായിരുന്നു യുവതിയുടെ ഭര്‍ത്താവ്. 22കാരനായ കെട്ടിടനിര്‍മാണത്തൊഴിലാളിയുമായി തനിക്കുണ്ടായ പ്രണയബന്ധം ഭര്‍ത്താവ് കണ്ടെത്തുകയും ഇതേച്ചൊല്ലി കലഹിക്കുകയും ചെയ്തതോടെയാണ് വകവരുത്താന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പൊലീസില്‍ മൊഴി നല്‍കി. ബോധുപ്പാളിലെ വീട്ടില്‍ വച്ചായിരുന്നു യുവതി ഭര്‍ത്താവിനെ വകവരുത്തിയത്.
ഭര്‍ത്താവിന്‍റെ ശല്യം ഒഴിവാക്കാന്‍ യുവതിയും കാമുകനും പദ്ധതിയിട്ടു. ഇതനുസരിച്ച് ഡിസംബര്‍ 11ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവാവിനെ യുവതിയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് ആക്രമിച്ചു. യുവതി കാലുകള്‍ രണ്ടും പിടിച്ചുവച്ചു. ഇതോടെ കാമുകന്‍, യുവാവിന്‍റെ കഴുത്തില്‍ ഷോള്‍ കൊണ്ട് മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കൃത്യത്തിന് ശേഷം യുവാവിന്‍റെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി പുതിയത് ധരിപ്പിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കുകയും ചെയ്തു.
കാമുകനും കൂട്ടാളികളും മടങ്ങിയതിന് പിന്നാലെ ഭര്‍ത്താവ് വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണുവെന്ന് പറഞ്ഞ് യുവതി ബന്ധുക്കളെ വിളിച്ച് അറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അസ്വാഭാവിക മരണമെന്ന് തോന്നിയതോടെ പൊലീസിലും വിവരമറിയിച്ചു. യുവാവിന്‍റെ ശരീരം പരിശോധിച്ചപ്പോള്‍ കവിളിലും കഴുത്തിലും ചതവുകളും പിടിവലി നടന്നത് പോലെയുള്ള ലക്ഷണങ്ങളും കണ്ടു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് സിസിടിവികളുടെയും സാങ്കേതിക തെളിവുകളുടെയും സഹായത്തോടെ പ്രതി ഭാര്യയും കാമുകനും കൂട്ടാളിയുമാണെന്ന് കണ്ടെത്തുകയായിരുന്നു.