AI Image

സുഹൃത്ത് താമസിക്കുന്ന ഹോട്ടല്‍ മുറിയെന്ന് കരുതി മറ്റൊരു മുറിയുടെ വാതിലില്‍ മുട്ടിയ യുവതി കൂട്ടബലാല്‍സംഗത്തിനിരയായി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ (ഔറംഗബാദ്) ആണ് നടുക്കുന്ന സംഭവമുണ്ടായത്. ഘന്‍ശ്യാം റാത്തോഡ് (27), ഋഷികേശ് ചവാന്‍ (25) കിരണ്‍ റാത്തോഡ് (25) എന്നിവരാണ് പിടിയിലായത്. ഇവര്‍  മദ്യപിക്കുന്നതിനായി ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബലാല്‍സംഗത്തിനിരയായ യുവതി വിവാഹിതയും ഒരു കൈക്കുഞ്ഞിന്‍റെ അമ്മയുമാണ്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. 

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന യുവതി പണം കടം വാങ്ങുന്നതിനായാണ് സുഹൃത്തിന്‍റെ ഹോട്ടലിലേക്ക് ജോലിക്ക് ശേഷം എത്തിയത്. ഒന്നാം നിലയിലെ 105–ാം നമ്പര്‍ മുറിയിലാണ് സുഹൃത്തുണ്ടായിരുന്നത്.ഹോട്ടലിലേക്ക് കയറുന്നതിനിടെ ഫോണ്‍ വന്നതോടെ യുവതി സംസാരിച്ച് രണ്ടാം നിലയിലെത്തി. ഫോണ്‍ വച്ചതിന് പിന്നാലെ അബദ്ധത്തില്‍ 205–ാം നമ്പര്‍ മുറിയിലെത്തി ബെല്ലടിച്ചു. മുറി തുറന്നപ്പോള്‍ മൂന്നുപേര്‍ ഇരുന്ന് മദ്യപിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ തന്‍റെ സുഹൃത്തിന്‍റെ പേര് പറഞ്ഞശേഷം എവിടെപ്പോയെന്ന് ചോദിച്ചു. സുഹൃത്ത് അവിടെയില്ലെന്നായിരുന്നു യുവാക്കളുടെ മറുപടി. 

തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയതിനിടെ സുഹൃത്ത് അകത്തെ മുറിയിലുണ്ടെന്ന് പറഞ്ഞ് യുവാക്കളിലൊരാള്‍ തിരികെ വിളിച്ചു. വാതില്‍ക്കല്‍ എത്തിയതും മുറിക്കുള്ളിലേക്ക് വലിച്ചിട്ട് മുറി പൂട്ടി. തുടര്‍ന്ന് ബലമായി മദ്യം നല്‍കി ബലാല്‍സംഗം ചെയ്തു. സംഭവത്തിന് ശേഷം യുവാക്കള്‍ മുറി പുറത്ത് നിന്ന് പൂട്ടി സ്ഥലം വിടുകയും ചെയ്തു. നാലുമണിയോടെ ഒരു വിധേനെ വാതില്‍ തുറന്ന യുവതി ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. പിന്നാലെ വേദാന്ത് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസ് തിരച്ചില്‍ ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങളുെട സഹായത്തോടെ പ്രതികളെ കണ്ടെത്തുകയുമായിരുന്നു.

ENGLISH SUMMARY:

A nurse was allegedly gang-raped in a hotel at Chhatrapati Sambhajinagar (Aurangabad) after she accidentally knocked on the wrong room door. The victim had come to meet a friend to borrow money but reached room 205 instead of 105. Three men, identified as Ghanshyam Rathod, Rishikesh Chavan, and Kiran Rathod, lured her inside and committed the crime. Police have arrested all three suspects based on CCTV footage and the victim's complaint.