Image Credit: X, Instagram/ prithvirajchavan
ഇന്ത്യയ്ക്ക് ഉടന്‍ പുതിയ പ്രധാനമന്ത്രി വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്‍. യു.എസിലെ വിവാദമായ എപ്‌സ്റ്റീന്‍ ഫയല്‍സ് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി മാറുകയെന്നാണ് ചവാന്‍റെ അവകാശവാദം. പുതിയ പ്രധാനമന്ത്രി മഹാരാഷ്ട്രക്കാരനാകുമെന്നും അയാള്‍ ബിജെപിയില്‍ നിന്നാകുമെന്നും അദ്ദേഹം പറഞ്ഞു.
എപ്‌സ്റ്റീന്‍ ഫയല്‍സ് പുറത്തുവന്നാല്‍ മഹാരാഷ്ട്രക്കാരന്‍ പ്രധാനമന്ത്രിയാകുന്നതിനാല്‍ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന സൂചന നല്‍കുന്നതായിരുന്നു ചവാന്‍റെ പോസ്റ്റ്. ഇതില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസിനെയും ആര്‍എസ്എസിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും ടാഗ് ചെയ്തിരുന്നു. പോസ്റ്റിന് പിന്നാലെ പലരും വിശദീകരണം ചോദിച്ച് വിളിച്ചതായും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് പിംപ്രി-ചിഞ്ച്‌വാഡില്‍ നടന്ന പൊതുചടങ്ങിനിടെ ചവാന്‍ താന്‍ പറഞ്ഞത് വിശദീകരിച്ചു.
"രാജ്യാന്തരതലത്തില്‍ നിരവധി മാറ്റങ്ങളുണ്ടാകുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് ഞാന്‍ പോസ്റ്റിട്ടത്. എന്താണ് ഉദ്യേശിച്ചതെന്ന് ചോദിച്ച് പലരും എന്നെ വിളിച്ചു. എന്‍റെ പോസ്റ്റ് ഒരു സാങ്കല്‍പ്പിക രാഷ്ട്രീയ സാധ്യതയെ മുന്‍നിര്‍ത്തിയാണ്. മഹാരാഷ്ട്രയിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകുകയാണെങ്കിൽ, നിലവിലെ പ്രധാനമന്ത്രിക്ക് ആ സ്ഥാനം ഒഴിയേണ്ടി വരും. ഒരു മാറ്റത്തിനുള്ള സാധ്യതയെ അടിവരയിടുക മാത്രമാണ് ഞാൻ ചെയ്തത്" എന്നാണ ്ചവാന്‍ വിശദീകരിച്ചത്.
ഡിസംബര്‍ 19 തിന് യു.എസ് പുറത്തുവിടാനൊരുങ്ങുന്ന എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെടുത്തിയാണ് താന്‍ സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ''വലിയ ആഗോള പ്രത്യാഘാതങ്ങളുണ്ടാകും. ഇതില്‍ പല വലിയ നേതാക്കളെ പറ്റിയുള്ള സ്റ്റിങ് ഓപ്പറേഷന്‍ വിവരങ്ങളുണ്ട്. ചിത്രങ്ങളായി ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോക നേതാക്കളായ പ്രസിഡന്‍റുമാരുടെയും പ്രധാനമന്ത്രിമാരുടെയും വിവരങ്ങളുണ്ട്. ഡാറ്റ പുറത്തുവരുന്നത് നമ്മുടെ രാജ്യത്തെ രാഷ്ട്രീയത്തെയും ബാധിച്ചേക്കാം എന്നതിന്‍റെ യുക്തി ഇതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വലിയ സംഭവങ്ങള്‍ നടക്കാം'' എന്നും അദ്ദേഹം പറഞ്ഞു.
മറാത്തി പ്രധാനമന്ത്രി എന്നത് രാഷ്ട്രീയ നിരീക്ഷണം മാത്രമാണെന്നും പുതിയ പ്രധാനമന്ത്രി ബിജെപിയില്‍ നിന്നാകുമെന്നും അദ്ദേഹം പറഞ്ഞു. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട എപ്‌സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പെറന്‍സ് ആക്ട് യു.എസ് കോണ്‍ഗ്രസ് പാസാക്കുകയും കഴിഞ്ഞ മാസം യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിടുകയും ചെയ്തതോടെ നിയമമായി. ഇതോടെ ഡിസംബര്‍ 19 തിന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫയലിലെ വിവരങ്ങള്‍ പുറത്തുവിടും.
മള്‍ട്ടി മില്യണറായിരുന്ന ജെഫ്രി എപ്‌സ്റ്റീന്‍ ലൈംഗിക കുറ്റത്തിന് ജയിലിലായിരുന്നു. 2019 ല്‍ ജയിലില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എപ്‌സ്റ്റീന്‍ ഫയലിലുള്ളത്. ട്രംപ്, മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍, സെബില്രേറ്റികള്‍, വിദേശ നേതാക്കള്‍ എന്നിവരുമായി ജെഫ്രി എപ്‌സ്റ്റീനുള്ള ബന്ധങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.