മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവരത് സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം, ശരദ് പവാറും സുപ്രിയ സുലെയും ചടങ്ങിൽ പങ്കെടുത്തില്ല. അജിത് ദാദ അമർ രഹേ എന്ന വൈകാരിക മുദ്രാവാക്യങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിലായിരുന്നു സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്.
വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടതിന് മൂന്ന് ദിവസത്തിനുള്ളിലാണു പകരക്കാരിയായി ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഭരണകൂടത്തിന്റെ അമരത്തേക്ക് എത്തുന്നത്. ചടങ്ങിൽ ശരദ് പവാറിന്റെയും സുപ്രിയ സുലെയുടെയും അഭാവം ശ്രദ്ധേയമായി. സുനേത്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ശരദ് പവാർ രാവിലെ ബാരാമതിയിൽ പ്രതികരിച്ചിരുന്നു. അജിത്ത് പവാറിന്റെ മകൻ പാർഥ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പുലർച്ചെ മൂന്നുമണിയോടെ ബാരാമതിയിൽ നിന്ന് മുംബൈയിലെത്തിയ സുനേത്ര പവാറിനെ, ഉച്ചയ്ക്ക് ചേർന്ന എൻസിപി നിയമസഭാ കക്ഷി യോഗത്തിലാണ് പാർലമെന്ററി പാർട്ടി നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സുനേത്രയ്ക്ക് ഉപമുഖ്യമന്ത്രി പദം ലഭിച്ചെങ്കിലുംഅജിത് കൈകാര്യം ചെയ്ത ധനകാര്യവും ആസൂത്രണവും ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുത്തത് എൻസിപി ക്യാമ്പിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.