Image Credit : X (Twitter)
കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ സ്വന്തം വൃക്ക വിറ്റ് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് സംഭവം. റോഷന്‍ സദാശിവ് കുഡെ എന്ന കര്‍ഷകനാണ് ഉയര്‍ന്ന പലിശനിരക്കില്‍ പണം കടമെടുത്ത് ദുരിതത്തിലായത്. ഒരു ലക്ഷം രൂപയാണ് പലരില്‍ നിന്നായി കടംവാങ്ങിയതെങ്കിലും പലിശയടക്കം 74 ലക്ഷം രൂപയാണ് സദാശിവിന് തിരിച്ചടയ്ക്കേണ്ടിവന്നത്.
വിളകളെല്ലാം നശിച്ച് തുടര്‍ച്ചയായി കൃഷിയില്‍ നഷ്ടം നേരിടേണ്ടിവന്നതോടെയാണ് പശുക്കളെ വാങ്ങി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങാം എന്ന് സദാശിവ് തീരുമാനിച്ചത്. കുറച്ചധികം പശുക്കളെ വാങ്ങി ഒരു ഡയറി ഫാം ആരംഭിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പലരില്‍ നിന്നായി സദാശിവ് ഉയര്‍ന്ന പലിശയ്ക്ക് 1 ലക്ഷം രൂപ കടം വാങ്ങി. പശുക്കളെയെല്ലാം വാങ്ങി ഫാമിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വീണ്ടും സദാശിവിന് തിരിച്ചടി നേരിടേണ്ടിവന്നു. പശുക്കള്‍ ഒന്നൊന്നായി ചത്തു.
ഡയറി ഫാം പദ്ധതി പൊളിഞ്ഞതോടെ പലിശ മുടങ്ങി. പലിശക്കാര്‍ സദാശിവിന്‍റെ വീട്ടില്‍ ഭീഷണിയുമായെത്തി. പലിശയടക്കാന്‍ കഴിയാതെ വന്നതോടെ തിരിച്ചടക്കേണ്ട തുക 74 ലക്ഷമായി. പലിശക്കാരെ കൊണ്ട് പൊറുതി മുട്ടിയതോടെ കൃഷിഭൂമിയും ട്രാക്ടറും വീട്ടിലെ വിലപിടിപ്പുളള മറ്റുവസ്തുക്കളും സദാശിവ് വിറ്റു. എല്ലാം വിറ്റുകിട്ടിയ തുകകൊണ്ട് 74 ലക്ഷം മുഴുവനായും വീട്ടാന്‍ കഴിഞ്ഞില്ല. ഇതോടെ വീണ്ടും പലിശക്കാര്‍ ഭീഷണിയുമായി സദാശിവിന്‍റെ വീടുകയറിയിറങ്ങി.
കൂട്ടത്തിലൊരു പലിശക്കാരനാണ് കംമ്പോഡിയയില്‍ പോയി വൃക്ക വിറ്റാല്‍ ആവശ്യത്തിന് പണം ലഭിക്കുമെന്ന് പറഞ്ഞ് സദാശിവിനെ അറിയിച്ചതും അതിനായി പ്രേരിപ്പിച്ചതും. കൊല്‍ക്കത്തയിലായിരുന്നു പരിശോധനകളെല്ലാം. അവിടുന്ന് പലിശക്കാരന്‍റെ നിര്‍ദേശപ്രകാരം നേരെ കംമ്പോഡിയയിലേക്ക്. 8 ലക്ഷം രൂപയാണ് വൃക്ക വിറ്റ ഇനത്തില്‍ സദാശിവിന് ലഭിച്ചത്. ഈ തുക മുഴുവന്‍ കടംവീട്ടാനായി ഉപയോഗിച്ചെന്നും സദാശിവ് പറയുന്നു. അതേസമയം പലിശക്കാരുടെ ഭീഷണിയെക്കുറിച്ച് പലതവണ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്നും സദാശിവ് പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോകുമെന്നും ഇനിയും നീതി ലഭിച്ചില്ലെങ്കില്‍ താനും കുടുംബവും മുംബൈ ഗവണ്‍മെന്‍റ് ഹെഡ് ക്വാര്‍ട്ടേഴ്സിന് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നും സദാശിവ് പറഞ്ഞു. ബ്രഹ്മപുരിയിലെ പലിശക്കാരായ മനീഷ് കാൽബാൻഡെ, ലക്ഷ്മൺ ഉർക്കുഡെ, സഞ്ജയ് ബല്ലാർപുരെ, ലക്ഷ്മൺ ബോർക്കർ, കിഷോർ ബാവൻകുളെ എന്നിവര്‍ക്കെതിരെയാണ് സദാശിവ് പരാതി നല്‍കിയിരിക്കുന്നത്.