തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി പിതാവിനെ വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 2 മക്കൾ അടക്കം 5 പേർ പിടിയില്‍. രണ്ട് മാസത്തിനു ശേഷമാണ് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഒക്ടോബർ 22നാണു ഗണേശൻ പാമ്പുകടിയേറ്റു മരിച്ചത്.
സർക്കാർ സ്കൂളിലെ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശന്റെ കൊലപാതകത്തില്‍ മക്കളായ ജി.മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടക ഗുണ്ടാ സംഘങ്ങളെയുമാണ് അറസ്റ്റു ചെയ്തത്. 3 കോടിയോളം രൂപയുടെ ഇൻഷുറൻസ് തുകയാണു ഗണേശന്റെ പേരിലുണ്ടായിരുന്നത്. 13 വിവിധ ഇൻഷുറൻസുകൾ കുടുംബാംഗങ്ങൾക്കും, ഗണേശനു മാത്രം 3 ഇൻഷുറൻസാണുമാണുണ്ടായിരുന്നത്. കുടുംബാംഗങ്ങൾ ഉന്നയിച്ച അവകാശവാദങ്ങളിൽ സംശയം തോന്നിയ ഇൻഷുറൻസ് കമ്പനി പൊലീസിനു നൽകിയ പരാതിയിലാണ് കൊലപാതകം ചുരുളഴിഞ്ഞത്.
ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുക എന്ന ലക്ഷ്യത്തോടെ മക്കള്‍ കൊലപാതകം ആസൂത്രണം ചെയ്തതായും സ്ഥിരീകരിച്ചു. ഗൂഢാലോചനയുടെ ഭാഗമായി ആദ്യം മൂർഖനെ എത്തിച്ച് ഗണേശന്റെ കാലിൽ കടിപ്പിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഗണേശനെ ആശുപത്രിയിലെത്തിക്കാൻ മനപൂർവം വൈകിയതായും പൊലീസ് കണ്ടെത്തി. തുടർന്നാണു പാമ്പിനെ കൈമാറിയവരെ അടക്കം അറസ്റ്റ് ചെയ്തത്.