ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് പൈലറ്റ്. കുടുംബത്തോടൊപ്പം എത്തിയ ആളെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് കയ്യേറ്റം ചെയ്തത്. സുരക്ഷാ പരിശോധനയ്ക്കിടെ വരി തെറ്റിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കാരണം. പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിന് വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു.
ഇന്നലെ രാത്രിയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പൈലറ്റിന്‍റെ അതിക്രമം നടന്നത്. നാലുമാസം പ്രായമായ കുഞ്ഞടക്കം കുടുംബവുമായി യാത്രചെയ്യാന്‍ എത്തിയതായിരുന്നു അങ്കിത് ദിവാന്‍ എന്നയാള്‍. കൈക്കുഞ്ഞ് ഉള്ളതിനാല്‍ ജീവനക്കാര്‍ക്കുള്ള സുരക്ഷാ പരിശോധനാ ഗേറ്റിലൂടെ പോകാന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തോട് നിര്‍ദേശിച്ചു. സെക്യൂരിറ്റി ചെക്കിനായി നില്‍ക്കുമ്പോള്‍ മറ്റൊരു വിമാനത്തില്‍ ബംഗളൂരുവിലേക്ക് പോകാനായി എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദര്‍ സെജ്‌വാള്‍ ക്യൂ മറികടന്ന് മുന്നോട്ടുപോയി.
അങ്കിത് ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സെജ്‌വാള്‍ അങ്കിത്തിനെ മര്‍ദിക്കുകയുമായിരുന്നു. ഭാര്യക്കും കുട്ടികള്‍ക്കും മുന്നില്‍വച്ചായിരുന്നു അതിക്രമം. ചോരയില്‍ കുളിച്ചുനില്‍ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് അങ്കിത് തന്നെയാണ് വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പരാതിയില്ലെന്ന് അധികൃതര്‍ എഴുതിവാങ്ങിയെന്നും തനിക്ക് പ്രാഥമിക ചികില്‍സ പോലും നല്‍കിയില്ലെന്നും അങ്കിത് ആരോപിച്ചു. പിന്നാലെ വീരേന്ദര്‍ സെജ്‌വാളിനെ സസ്‌പെന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദേശം.