FIR,AI Generated Image
വട്ടിപ്പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിനിയായ ഇരുപത്തി മൂന്നുകാരിയാണ് അമിതമായി ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് ചികില്‍സയിലുള്ളത്. വരന്‍റെ വീട്ടിലെത്തിയുള്ള ബ്ലേഡുകാരുടെ ഭീഷണിയെത്തുടര്‍ന്നാണ് വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറിയത്.
ബ്ലേഡുകാരുടെ ഈ ഭീഷണിയാണ് ഇരുപത്തി മൂന്നുകാരിയുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. വരന്‍റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടുള്ള ബ്ലേഡുകാരുടെ ഭീഷണികാരണം ജനുവരി ഒന്നിന് വര്‍ക്കല സ്വദേശിനിയും കൊല്ലം സ്വദേശിയുമായി നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാവാത്തതിനാല്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്നാണ് വരന്‍റെ കുടുംബം പെണ്‍കുട്ടിയെ അറിയിച്ചത്.
ഇതെത്തുടര്‍ന്നാണ് യുവതി അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതിയുടെ അച്ഛനും അമ്മയുമാണ് ബ്ലേഡുകാരില്‍ നിന്നും പണം കടം വാങ്ങിയിരുന്നത്. മുതലും പലിശയും ചേര്‍ത്ത് തിരികെ നല്‍കിയെങ്കിലും ഭീഷണി പതിവായിരുന്നുവെന്നും യുവതിയുടെ അമ്മ.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ട് ബ്ലേഡുകാര്‍ക്കെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു. ഇവര്‍ക്ക് യുവതിയുടെ കുടുംബം പണം തിരികെ നല്‍കിയിരുന്നതിന്‍റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.