തിരുവല്ല കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയെ അശ്ലീലം വിളിച്ച യുവാവിനെ പൊതിരെത്തല്ലി സുഹൃത്ത്. ഇന്നലെ വൈകിട്ടുണ്ടായ തമ്മിത്തല്ലില്‍ ചങ്ങനാശ്ശേരി സ്വദേശിക്ക് സാരമായി പരുക്കേറ്റു. ബസ് കാത്തു നിന്ന പെണ്‍കുട്ടിയെ തുടര്‍ച്ചയായി ശല്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി സുഹൃത്തിന് ഫോണ്‍ചെയ്തു.
ബസ് സ്റ്റാന്‍ഡിലെത്തിയ സുഹൃത്തും യുവാവും തമ്മില്‍ വാക്കേറ്റമായി . നീ അശ്ലീലം പറയുന്നോടാ എന്ന് ചോദിച്ചാണ് സുഹൃത്ത് അടി തുടങ്ങിയത്. പിന്നെ തമ്മിത്തല്ലായി. സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. ഇതിനിടെ പെണ്‍കുട്ടിയുമായി പ്രശ്നങ്ങളുണ്ടാക്കിയ യുവാവ് പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്ന് ഇരുമ്പ് ചെയിനെടുത്ത് അടിക്കാന്‍ ഒരുങ്ങി. ഒഴിഞ്ഞുമാറിയ പെണ്‍കുട്ടിയുടെ സുഹൃത്ത് ചെയിന്‍ പിടിച്ചു വാങ്ങി തിരിച്ചൊന്നു കൊടുത്തു. മുഖത്തും തലയിലുമായി അടിയേറ്റ യുവാവ് തറയില്‍ വീണു. യുവാവിന്‍റെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു.
തിരുവല്ല പൊലീസ് ബസ് സ്റ്റാന്‍ഡിലെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി