sandhya-nithin-01

TOPICS COVERED

ഭർത്താവ് ഉപേക്ഷിച്ച് പോയിട്ടും പോറ്റി വളർത്തിയ ഏകമകൾ തന്നെ ഒടുവിൽ അമ്മയുടെ ജീവനെടുത്തു. തൃശൂർ മുണ്ടൂർ സ്വദേശിനി തങ്കമണി(75)യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. ഉരലിൽ തലയിടിച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകൾ സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ അമ്മയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാനായി കൊന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയത്. സന്ധ്യ(45)യെയും കാമുകൻ നിതിനെയും(27) പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ തങ്കമണിയെ കൊലപ്പെടുത്തിയ ശേഷം സന്ധ്യയും നിതിനും ചേർന്ന് രാത്രിയോടെ മൃതദേഹം പറമ്പിൽ കൊണ്ടിട്ടു. വിവരം പൊലീസിൽ അറിയിച്ചു. പേരാമംഗലം പൊലീസെത്തിയപ്പോൾ നെറ്റിയിലുള്ള മുറിവ് ശ്രദ്ധയിൽപ്പെട്ടു. എന്നാൽ സമീപത്തുള്ള ഉരലിൽ ഇടിച്ചതാകാമെന്ന് കരുതി. സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങൾ പരാതിപ്പെട്ടതുമില്ല. എന്നാൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്ക് അസ്വാഭാവികത തോന്നി. തങ്കമണി ശ്വാസംമുട്ടി മരിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തി. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സന്ധ്യയ്ക്ക് ഭർത്താവും മകനുമുണ്ട്. മകനുമായി നിതിൻ സൗഹൃദത്തിലായിരുന്നു. കൊലപാതകത്തിന് ശേഷം ശബരിമലയിലേക്ക് പോയ നിതിൻ, സന്ധ്യയുടെ മകനെ വിളിച്ച് പൊലീസ് എത്തിയോ, ഫൊറൻസിക് ഉദ്യോഗസ്ഥർ വന്നോ എന്നെല്ലാം നിരന്തരം അന്വേഷിച്ചു. ഇത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ശബരിമലയിൽ നിന്നും തിരികെയെത്തിയ നിതിനെ കസ്റ്റഡിയിലെടുത്തു. തുടക്കത്തിൽ നിതിൻ സമ്മതിച്ചില്ല. ഇതിനിടെ സന്ധ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സന്ധ്യ കുറ്റം സമ്മതിച്ചില്ല. തുടർന്ന് ഫോൺ പരിശോധിച്ചതോടെ നിതിനുമായി നിരന്തരം സംസാരിച്ചതിന്റെ വിവരങ്ങളും സ്വർണ്ണവും പണവും കൈമാറിയതിന്റെ വിവരങ്ങളും ലഭിച്ചു.

തെളിവുകൾ പൊലീസ് നിരത്തിയതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വർണ്ണാഭരണം കൈക്കലാക്കാൻ അമ്മയെ കൊലപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊന്നതെന്നും സന്ധ്യ ഏറ്റുപറഞ്ഞു. രണ്ട് കമ്മലും മാലയും സന്ധ്യയും നിതിനുമെടുത്തു. പിടിവലിയിൽ മാലയുടെ ഒരുഭാഗം നിതിന്റെ പക്കലുമായി. കമ്മലും മാലയുടെ കഷണവും പണയം വച്ച് ഒന്നര ലക്ഷം രൂപ നിതിൻ എടുത്തതായും തെളിഞ്ഞു. നിതിന്റെ കടബാധ്യത തീർക്കുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നും സന്ധ്യ പറയുന്നു.

ENGLISH SUMMARY:

The death of Thankamani (75) in Mundur, Thrissur, initially reported by her daughter Sandhya (45) as an accident involving a grinding stone (ural), has been confirmed as a murder for gain. Police arrested Sandhya and her paramour, Nidhin (27). The post-mortem report revealed that Thankamani was suffocated. Sandhya confessed to killing her mother by strangulation to steal her gold jewelry and settle Nidhin's debt. The stolen jewelry and subsequent pledging of assets for ₹1.5 lakh money transfer were uncovered after police observed suspicious communication between Sandhya and Nidhin, who was initially reluctant to cooperate