പണം വാങ്ങി പ്രതികൾക്ക് കേസ് വിവരങ്ങൾ ചോർത്തി നൽകിയ തിരുവല്ല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ആർ. ബിനുവിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം എ.ആർ. ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി. ഗുണ്ടകളുമായി ബന്ധപ്പെട്ട ഒരു കേസിന്റെ റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് തന്നെ പ്രതികളുടെ അഭിഭാഷകന് ചോർത്തി നൽകിയതിനാണ് ബിനുവിനെതിരെ നടപടിയുണ്ടായത്. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സഹായിക്കുന്ന തരത്തിലായിരുന്നു ബിനുവിന്റെ ഈ നടപടി.
അന്വേഷണത്തിൽ, റിമാൻഡ് റിപ്പോർട്ട് ചോർത്തി നൽകിയതിന്റെ പ്രതിഫലമായി അഡ്വക്കേറ്റിൽ നിന്ന് ബിനു 30,500 രൂപ പല സമയത്തായി കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കിയിട്ടില്ല എന്ന് കോടതി തന്നെ കണ്ടെത്തിയതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രേഡ് എസ്.ഐ. ബിനുവാണ് ഈ രേഖകൾ പ്രതികളുടെ വക്കീലിന് ചോർത്തി നൽകിയതെന്ന് വ്യക്തമായത്. ഇതിനെത്തുടർന്നാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ബിനുവിനെതിരെ കർശന നടപടി സ്വീകരിച്ചത്.