Image Credit:x
മഹാരാഷ്ട്രയിലെ നന്ദേട് ദുരഭിമാനക്കൊലയില്‍ നടുക്കുന്ന വിവരങ്ങള്‍പുറത്ത്. കാമുകനെ വീട്ടുകാര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ആഞ്ചല്‍ മമിത്വാറെന്ന പെണ്‍കുട്ടി മൃതദേഹത്തെ വിവാഹം കഴിച്ചത് വാര്‍ത്തയായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വ്യാഴാഴ്ചയാണ് സാക്ഷം ടാറ്റെയെ ആഞ്ചലിന്‍റെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഏഴുമാസം മുന്‍പ് ആഞ്ചലിന്‍റെ പിതാവ് ഗജാനന്‍ ബാലാജിയും സാക്ഷവും അംബേദ്കര്‍ ജയന്തിക്ക് ഒന്നിച്ച് നൃത്തം ചെയ്യുന്നതിന്‍റെ വിഡിയോയാണ് പുറത്തുവന്നത്. ആഞ്ചലും ഒപ്പമുണ്ടായിരുന്നു. മകളെ ബാലാജി ആശ്ലേഷിക്കുന്നതും വിഡിയോയില്‍ കാണാം. സാക്ഷത്തിന്റെ കൂട്ടുകാര്‍ ബാലാജിയെ തോളിലെടുത്ത് ഉയര്‍ത്തി നടക്കുന്നതും വിഡിയോയിലുണ്ട്.
സാക്ഷം ദലിത് വിഭാഗക്കാരനായിരുന്നു. ആഞ്ചലാവട്ടെ പ്രത്യേക പിന്നാക്ക വിഭാഗവും. മകന്‍റെ സുഹൃത്തായിരുന്ന സാക്ഷത്തെ സ്നേഹിക്കുന്നതായി നടിച്ച് ബാലാജി വിശ്വാസം ആര്‍ജിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൃത്യമായി ആസൂത്രണം ചെയ്താണ് പ്രതികള്‍ സാക്ഷത്തെ കൊലപ്പെടുത്തിയത്. സാക്ഷത്തെ വെടിവച്ച് കൊന്ന ശേഷം തലയില്‍ ടൈലിനിടിച്ചാണ് ആഞ്ചലിന്‍റെ സഹോദരന്‍മാരില്‍ ഒരാള്‍ സാക്ഷത്തെ കൊന്നത്. ഈ പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സാക്ഷം വെടിയേറ്റ് മരിച്ചത്. വെടിയുണ്ട വാരിയെല്ല് തുളച്ച് പോയി. സാക്ഷത്തെ വെടിവച്ച് കൊല്ലുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സഹോദരന്‍ തന്നെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും സാക്ഷത്തിനെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ആഞ്ചല്‍ പറയുന്നു. വിസമ്മതിച്ചതോടെ പൊലീസുകാരിലൊരാള്‍ സാക്ഷത്തെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയെന്നും ആഞ്ചല്‍ വെളിപ്പെടുത്തി. ഇത് കേട്ടതും , നിങ്ങള്‍ കൊല്ലേണ്ട, ഞങ്ങള്‍ കൊന്നോളാമെന്ന് ആക്രോശിച്ച് സഹോദരന്‍മാര്‍ സ്റ്റേഷനില്‍ നിന്നിറങ്ങിപ്പോയെന്നും പിന്നാലെ വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നുവെന്നും ആഞ്ചല്‍ പറയുന്നു.
മൂന്നുവര്‍ഷമായി താന്‍ സാക്ഷവുമായി പ്രണയത്തിലായിരുന്നുവെന്നാണ് ആഞ്ചല്‍ എന്‍ഡിടിവിയോട് വെളിപ്പെടുത്തിയത്. തന്‍റെ കുടുംബാംഗങ്ങള്‍ സാക്ഷവുമായി സ്നേഹത്തിലായിരുന്നുവെന്നും അവര്‍ ഒന്നിച്ച് പുറത്ത് പോകുകയും ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്തിരുന്നുവെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. മതംമാറി ഹിന്ദുവാകണമെന്ന് സാക്ഷത്തോട് തന്‍റെ പിതാവ് ഒരിക്കല്‍ ആവശ്യപ്പെട്ടിരുന്നുവെന്നും തന്നെ വിവാഹം കഴിക്കുന്നതിനായി എന്ത് ചെയ്യാനും സാക്ഷം ഒരുക്കമായിരുന്നുവെന്നും പക്ഷേ ഒടുവില്‍ അരുതാത്തത് സംഭവിച്ചെന്നും ആഞ്ചല്‍ പറയുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, കലാപശ്രമം, ആയുധ നിയമം, പട്ടികജാതി–പട്ടികവര്‍ഗ പീഡന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.