അനിത, പ്രഭീഷ്, രജനി
കൈനകരി അനിത ശശിധരന്‍ വധക്കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ. ഒന്നാം പ്രതി പ്രബീഷിന് ഇന്നലെ ആലപ്പുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി– 3 ജഡ്ജി എം.സുഹൈബ് വധശിക്ഷ വിധിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെ കൊന്ന് കായലില്‍ തള്ളുകയായിരുന്നു. രണ്ടാം പ്രതി രജനി ഒഡീഷയിൽ ജയിലിലാണ്. ജാമ്യത്തിലിറങ്ങിയ രജനി ആലപ്പുഴ സ്വദേശിയായ യുവാവുമായി ചേർന്നു കഞ്ചാവു കടത്തുന്നതിനിടെയാണ് ഒഡീഷയിലെ റായ്ഗഡ് റെയിൽവേ സ്റ്റേഷൻ പരിധിയിൽ വച്ച് അറസ്റ്റിലായത്.
പ്രബീഷ് കായംകുളം താമരക്കുളത്തു ജോലി ചെയ്യുമ്പോഴാണ് അനിതയുമായി അടുപ്പമാകുന്നത്. ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാന്‍ പ്രബീഷും രജനിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി. പാലക്കാട് ആലത്തൂരില്‍ ജോലി ചെയ്തിരുന്ന അനിതയെ ഇരുവരും ചേര്‍ന്ന് നാട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് കൈനകരിയിലെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു . ബോധരഹിതയായ അനിതയെ മരിച്ചെന്ന് കരുതി വള്ളത്തില്‍ കയറ്റി പൂക്കൈതയാറ്റിൽ താഴ്ത്തി. കായലില്‍ മുങ്ങിത്താണപ്പോള്‍ ശ്വാസം മുട്ടിയാണ് അനിത മരിച്ചത് . മരിക്കുമ്പോൾ അനിത 6 മാസം ഗർഭിണിയായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമം 302ാം വകുപ്പു പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് പ്രബീഷിനും രജനിക്കും വധശിക്ഷ വിധിച്ചത്. ഒപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 201ാം വകുപ്പു പ്രകാരം തെളിവു നശിപ്പിക്കൽ, തെറ്റായ വിവരം നൽകൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ഇതുപ്രകാരം 5 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. 120 ബി പ്രകാരം ക്രിമിനൽ ഗൂഢാലോചനക്കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതുപ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്.