നാലുപേര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാല്‍സംഗം ചെയ്ത യുവതിയെ പൊലീസുകാര്‍ വീണ്ടും പീഡിപ്പിച്ചെന്ന് പരാതി. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പണം വേണമെന്ന് പറഞ്ഞ് യുവതിയില്‍ നിന്നും അരലക്ഷം രൂപയും കൈക്കലാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കളിലൊരാള്‍ യുവതിയെ കാണാനെത്തി. തുടര്‍ന്ന് സുഹൃത്തുക്കളുമായെത്തി ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോവുകയും മദ്യം കുടിപ്പിച്ച ശേഷം 48 മണിക്കൂറോളം പലയിടങ്ങളിലായെത്തിച്ച് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ബോധം വീണതോടെ യുവാക്കളുടെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവതി പരാതി നല്‍കാന്‍ ഭര്‍ത്താവുമായി പൊലീസ് സ്റ്റേഷനിലെത്തി.
പരാതി സ്വീകരിച്ച എസ്ഐ യുവതിയെ സ്വകാര്യ വസതിയിലേക്ക് കൂട്ടിക്കൊണ്ട് പോയി രണ്ടു ദിവസം ബലാല്‍സംഗം ചെയ്തു. ഒപ്പം മറ്റൊരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. പ്രതികളെ പിടികൂടുന്നതിനായി പണം ആവശ്യമാണെന്ന് പറഞ്ഞ് യുവതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന അന്‍പതിനായിരം രൂപയും ഇവര്‍ കൈക്കലാക്കി. പരാതി നല്‍കാന്‍ തനിക്കൊപ്പം സ്റ്റേഷനിലെത്തിയ ഭര്‍ത്താവിനെ ബന്ദിയാക്കി വച്ച ശേഷമായിരുന്നു പൊലീസുകാരുടെ അതിക്രമമെന്നും യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, യുവതി പിന്നീട് മൊഴി മാറ്റിയെന്നും ഇതാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകുന്നതിന് കാരണമായതെന്നും ബുലന്ദ്ശഹര്‍ എസ്എസ്പി പറഞ്ഞു. ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദമുണ്ടായോ എന്നതിലടക്കം അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.