ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിധിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുപത്തിരണ്ടുകാരനെ കൊലപ്പെടുത്തി അമ്മാവനും സുഹൃത്തും. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ബിഹാറിലെ ശിവഹാർ ജില്ലയിൽ നിന്നുള്ള തൊഴിലാളിയായ ശങ്കർ മാഞ്ചിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശങ്കറിന്‍റെ അമ്മാവൻ തൂഫാനി (35), കൂടെ ജോലി ചെയ്യുന്ന രാജേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ശങ്കർ ഒരു ആർജെഡി അനുഭാവിയാണെന്നും പ്രതികള്‍ ജെഡിയുവിനെ പിന്തുണച്ചിരുന്നവരാണെന്നും പൊലീസ് പറഞ്ഞു.
തന്‍റെ അമ്മാവനായ തൂഫാനി മാഞ്ചി (27), കൂടെ ജോലി ചെയ്യുന്ന രാജേഷ് മാഞ്ചി (25) എന്നിവർക്കൊപ്പമായിരുന്നു ശങ്കര്‍ താമസിച്ചിരുന്നത്. ഞായാറാഴ്ച രാത്രി മദ്യപിച്ചെത്തിയ മൂവരും തമ്മിൽ വഴക്കുണ്ടാകുകയും ഇത് കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെക്കുറിച്ച് തൂഫാനിയും രാജേഷും മോശമായി സംസാരിച്ചതായും ഇതില്‍ ശങ്കര്‍ പ്രകോപിതനായതായും പറയപ്പെടുന്നു. തുടര്‍ന്ന് രാജേഷും തൂഫാനിയും ചേർന്ന് ശങ്കറിനെ അടുത്തുള്ള ചെളിഞ്ഞ നിറഞ്ഞ പ്രദേശത്ത് കൊണ്ടുപോയി താഴ്ത്തുകയായിരുന്നു. ശ്വാസം മുട്ടിയാണ് ശങ്കറിന്‍റെ മരണം.
നിർമ്മാണത്തിലിരിക്കുന്ന റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിന് സമീപം ഒരു അജ്ഞാത മൃതദേഹം കിടക്കുന്നതായി വിവരം ലഭിച്ചാണ് പൊലീസ് എത്തുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ച് ശങ്കര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രാജേഷിനെയും തൂഫാനിയെയും കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.