ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. മൊഹോബ ജില്ലയില്‍ നിന്നുള്ള കിരണ്‍ സിങാണ് (30) കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ സബ് ഇന്‍സ്പെക്ടര്‍ അങ്കിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഹമ്രിപൂരിലാണ് സംവം.
2024 ല്‍ കബ്രയി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധന പീഡന കേസുമായി ബന്ധപ്പെട്ടാണ് യുവതിയും എസ്ഐയും അടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. സിആര്‍പിഎഫ് ജവാനായ ഭര്‍ത്താവിനെതിരെ യുവതി സ്ത്രീധന പരാതി നല്‍കിയിരുന്നു. വിവാഹത്തിന് ശേഷം രണ്ട് ലക്ഷം രൂപയും കാറും ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടുവെന്നും നല്‍കാത്തതിനെ തുടര്‍ന്ന് കുടുംബം സമ്മര്‍ദ്ദം ചെലുത്തി എന്നുമായിരുന്നു പരാതി. ഇതോടെ ഭര്‍ത്താവിനെതിരെ കേസെടുത്തു.
ഈ കേസ് അന്വേഷിച്ചത് സബ് ഇന്‍സ്പെക്ടറായ അന്‍ങ്കിത് യാദവാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട ഇരുവരും അടുപ്പത്തിലായി. കിരണ്‍ നിരന്തരം ഫോണ്‍ വിളിക്കുകയും അങ്കിത്തിനെ പലകാര്യങ്ങള്‍ക്കും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതോടെ അങ്കിത് ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. പല നമ്പറില്‍ നിന്നും വിളിച്ച് ശല്യം ചെയ്തു. നംവബര്‍ 11 ന് വിളിച്ച് നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ പ്രശ്നം പരിഹരിക്കാന്‍ അങ്കിത് സമ്മതിക്കുകയായിരുന്നു.
സ്ത്രീധന കേസിന്‍റെ വാദവുമായി ബന്ധപ്പെട്ട നവംബര്‍ 12 ന് കിരണ്‍ കോടയിലേക്ക് പോയിരുന്നു. ശേഷം വീട്ടിലേക്ക് വന്നില്ല. അങ്കിതിന്‍റെ വാഹനത്തില്‍ ഇരുവരും പുറത്ത് പോവുകയായിരുന്നു. ഇരുവരും കാറില്‍ സഞ്ചരിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും കാറിലുണ്ടായിരുന്ന ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നവംബര്‍ 13 ന് മധുവ– റാത്ത് റോഡില്‍ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പൊലീസ് ക്വാട്ടേഴ്സില്‍ നിന്നും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.