Image credit: x
വിവാഹത്തിന് ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ പ്രതിശ്രുത വധുവിനെ യുവാവ് ഇരുമ്പ് വടിക്ക് അടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. വിവാഹ സാരി വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സോണി ഹിമ്മത് റാത്തോഥ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാജന്‍ ബരായയെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സാരി വാങ്ങിയതിനെയും അതിനായി ചെലവഴിച്ച പണത്തെയും ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വിവാഹച്ചടങ്ങുകള്‍ ഇതിനിടെ ആരംഭിച്ചിരുന്നു. തര്‍ക്കം മൂത്തതോടെ നിയന്ത്രണം വിട്ട സാജന്‍ കയ്യില്‍ കിട്ടിയ ഇരുമ്പ് വടികൊണ്ട് സോണിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തല പിടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. സോണി മരിച്ചെന്ന് ഉറപ്പായതോടെ വിവാഹത്തിന് തയാറായ വേഷത്തില്‍ സാജന്‍ ഓടി രക്ഷപെടുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ പൊലീസ് സാജനെ പിന്തുടര്‍ന്ന് പിടികൂടി. അയല്‍വാസികളുമായും സാജന്‍ കലഹിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ െചയ്തിട്ടുണ്ട്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു സാജനും സോണിയുമെന്ന് പൊലീസ് പറയുന്നു. ഒന്നര വര്‍ഷമായി ഒന്നിച്ചാണ് താമസിച്ചിരുന്നതും. വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തതോടെയാണ് ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്.