ബെംഗളൂരുവിൽ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. കൊഡിഗെഹള്ളിയിലെ ബാലാജി ലേഔട്ടിൽ താമസിക്കുന്ന സുകൃത് ഗൗഡയാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് അപകടമുണ്ടായത്. സുകൃത് ഓടിച്ചിരുന്ന കാറിന് വഴിനല്‍കാത്തതിലുള്ള രോഷമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്.
ന്യൂ ബിഇഎൽ റോഡിലെ എംഎസ് രാമയ്യ ഹോസ്പിറ്റൽ ജംക്‌ഷന് സമീപം രാത്രി 7.20 ഓടെയാണ് സംഭവം. അങ്കിത പട്ടേൽ (33), ഭർത്താവ് വിനീത്, മകൻ എന്നിവരായിരുന്നു സ്കൂട്ടറിലുണ്ടായിരുന്ന. അമിത വേഗതയിലെത്തിയ സുകൃത് സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ തൊട്ടടുത്തുള്ള ഡിവൈഡറിന് മുകളിലൂടെ തെറിച്ചുവീണു. അപകടത്തില്‍ അങ്കിതയ്ക്ക് കൈക്കും തലയിലും തോളിലും പരിക്കേറ്റിട്ടുണ്ട്. ഭർത്താവ് വിനീതിന്‍റെ വാരിയെല്ലുകൾക്കും പരിക്കേറ്റു. സമീപത്തുണ്ടായിരുന്നവരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ആദ്യം വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയ കേസായാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ സിസിടിവികളില്‍ നിന്നും ഇടിച്ച രീതി മനഃപൂർവമായ പ്രവൃത്തിയാണെന്ന് വ്യക്തമായിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് ജംക്‌ഷനിലെ ഫ്രീ ലെഫ്റ്റില്‍ വച്ച് തന്‍റെ വാഹനത്തിന് സ്ഥലം നൽകാത്തതിന് പ്രതി അവരോട് ദേഷ്യപ്പെട്ടതായി കുടുംബവും മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് മനഃപൂർവമായ പ്രവൃത്തിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കുടുംബത്തെ പിന്തുടര്‍ന്നെത്തിയ പ്രതി സ്കൂട്ടറില്‍ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്താണ് പ്രതിയെ പൊലീസ് പിടികൂടിയത്. പരിക്കേറ്റവരെ എംഎസ് രാമയ്യ ആശുപത്രിയിലേക്ക് മാറ്റുകയും അങ്കിതയെയും മകനെയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. അതേസമയം, വിനീതിനെ കൂടുതൽ ചികിത്സയ്ക്കായി സെന്റ് ജോൺസിലേക്ക് മാറ്റിയിരിക്കുകയാണ്. സുകൃതിനെ കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വിട്ടു. വൈറ്റ്ഫീൽഡിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ് പ്രതി.