പ്രസവിച്ച് മണിക്കൂറുകള്‍ക്കകം നവജാതശിശുവിനെ യുവതി കഴുത്ത് ഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ചുറു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് നാല്‍പതുകാരിയായ ഗുഡ്ഡി ദേവി തന്‍റെ അഞ്ചാമത്തെ കുഞ്ഞിനെ കൊന്നുകളഞ്ഞത്. ചോരക്കുഞ്ഞിനെ കുടുംബാംഗങ്ങളെല്ലാം ഉറങ്ങിക്കിടന്ന നേരം നോക്കി യുവതി കൊല്ലുകയായിരുന്നുവെന്ന് കോട്വലി എസ്എച്ച്ഒ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കടുത്ത സാമ്പത്തിക ബാധ്യതയിലും മാനസിക സമ്മര്‍ദത്തിലുമായിരുന്നു ഗുഡ്ഡി ദേവിയെന്നും ഇവരുടെ ഭര്‍ത്താവായ താരാചന്ദ് കിടപ്പ് രോഗിയാണെന്നും പൊലീസ് പറയുന്നു. ഇനിയൊരു കുഞ്ഞിനെ കൂടി വളര്‍ത്താനുള്ള ശേഷി തനിക്കില്ലെന്ന് ഗര്‍ഭിണിയായിരുന്നപ്പോഴേ യുവതി ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു.
രാവിലെ ബന്ധുക്കളെത്തി നോക്കുമ്പോള്‍ ആണ്‍കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. സംശയം തോന്നി കുഞ്ഞിനെ കയ്യിലെടുത്ത് നോക്കിയപ്പോള്‍ കഴുത്തില്‍ ബലപ്രയോഗം നടത്തിയതിന്‍റെ പാടുകളും കണ്ടെത്തി. ഉടന്‍ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞ് മരിച്ചുവെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയതില്‍ ശ്വാസംമുട്ടിയാണ് മരണമെന്നും കണ്ടെത്തി. പ്രസവശേഷമുള്ള ചികിസയ്ക്കായി ആശുപത്രിയില്‍ തന്നെയാണ് നിലവില്‍ ഗുഡ്ഡി ദേവി. ആരോഗ്യസ്ഥിതി പ്രാപിച്ചാല്‍ ഉടന്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.