കണ്ണൂര്‍ കുറുമാത്തൂര്‍ പൊക്കുണ്ടില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ അമ്മയെ കുടുക്കിയത് പൊലീസിന്‍റെ ജാഗ്രത. കിണറിനോട് ചേര്‍ന്ന കുളിമുറിയില്‍ കുളിപ്പിക്കുന്നതിനിടെ വഴുതി കിണറ്റില്‍ വീണു എന്നായിരുന്നു മുബഷിറയുടെ മൊഴി. ജാഫിര്‍– മുബഷിറ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ആമിഷ് അലന്‍ മരിച്ചത്.
ഇരുമ്പ് ഗ്രിൽസും വലയും കൊണ്ട് മൂടിയ കിണറിൽ കുട്ടി എങ്ങനെ വീണു എന്ന സംശയത്തിലാണ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ന് രാവിലെ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി അമ്മയെ ചോദ്യം ചെയ്തു. ഇതിലാണ് അമ്മ കുറ്റസമ്മതം നടത്തിയത്.
കിണറ്റിൽ എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നു എന്നാണ് മുബഷിറ പൊലീസിനോട് പറഞ്ഞത്. നിലവില്‍ പൊലീസ് നിരീക്ഷണത്തില്‍ വീട്ടിലാണ് യുവതി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
21 കോല്‍ ആഴമുള്ള കിണറ്റിലാണ് കുഞ്ഞ് വീണത്. കുഞ്ഞിന്‍റെ കാല് വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നത് കണ്ട സമീപവാസിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിയാരത്ത് വച്ചായിരുന്നു മരണം.