Image credit: X/PicturesFoIder
കാറിനുള്ളിലിട്ട് പൂട്ടിയതിനെ തുടര്‍ന്ന് രണ്ടുവയസുകാരി മകള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ പ്രതിയായ പിതാവ് ജീവനൊടുക്കി. കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് അമേരിക്കയിലെ ഫീനിക്സ് സ്വദേശിയായ ക്രിസ്റ്റഫര്‍ റയാന്‍ ജീവനൊടുക്കിയത്. 2024 ജൂലൈ 24നാണ് മകളെ കാറിനുള്ളിലിട്ട് പൂട്ടിയ ശേഷം ക്രിസ്റ്റഫര്‍ റയാന്‍ എന്ന യുവാവ് വീടിനുള്ളില്‍ കയറിയിരുന്ന് മദ്യപിച്ച് ഉന്‍മത്തനാകുകയും അശ്ലീല വിഡിയോ കണ്ട് സമയം കളയുകയും ചെയ്തത്. പുറത്തെ ചുട്ടുപൊള്ളുന്ന ചൂടില്‍ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. റയാന്‍റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് മകള്‍ കാറിനുള്ളില്‍ അനക്കമറ്റ് കിടക്കുന്നത് കണ്ടത്. മൂന്നരമണിക്കൂറോളമാണ് കുഞ്ഞ് കാറിനുള്ളില്‍ കുടുങ്ങിക്കിടന്നത്. തുടര്‍ന്ന് റയാനെതിരെ 30 വര്‍ഷം പരോളില്ലാതെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റം ചുമത്തി.
കാര്‍ സീറ്റില്‍ കുഞ്ഞിനെ ഇരുത്തി വീട്ടിലേക്ക് മടങ്ങി വന്ന റയാന്‍ കുട്ടിയെ പുറത്തേക്ക് എടുക്കാന്‍ മറന്ന് പോവുകയായിരുന്നു. മകളെ കാറിലെ ബാക് സീറ്റില്‍ നിന്നെടുക്കാന്‍ മറക്കരുതെന്ന് ഭാര്യ ആവര്‍ത്തിച്ച് അയച്ച സന്ദേശങ്ങളും റയാന്‍റെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതും കാറില്‍ നിന്ന് റയാന്‍ തനിച്ചിറങ്ങി പോയി. മകളെ എടുത്തതുമില്ല.
വീട്ടില്‍ ചെന്ന് കയറിയപാടെ മദ്യപാനവും ഗെയിം കളിക്കലും ആരംഭിച്ചു. മടുത്തപ്പോള്‍ പോണ്‍ വിഡിയോകളും കാണാന്‍ തുടങ്ങി. ഈ നേരമത്രയും മകള്‍ വെയിലത്ത് കാറില്‍ കിടന്ന് ജീവനായി പിടയുകയായിരുന്നു.42 ഡിഗ്രി സെല്‍സ്യസായിരുന്നു ആ സമയത്ത് പുറത്തെ താപനിലയെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ നവംബര്‍ 21ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് റയാന്‍ ജീവനൊടുക്കിയത്. അതേസമയം, റയാന്‍ എങ്ങനെയാണ് ജീവനൊടുക്കിയതെന്നത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 90 ദിവസത്തിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുമെന്നും അപ്പോള്‍ വിശദവിവരങ്ങള്‍ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)