കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. കോളജിലേക്ക് ബൈക്ക് കൊണ്ടുവരരുതെന്ന സീനിയര്‍ വിദ്യാര്‍ഥികളുടെ വിലക്ക് ലംഘിച്ചതിനാണ് ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചതെന്ന് റാഗിങ്ങിനിരയായ മുഹമ്മദ് ഷാസ് പറഞ്ഞു,. പരാതിയില്‍ സീനിയര്‍ വിദ്യാര്‍ഥികളായ ബാസില്‍, ഫഹീം എന്നിവര്‍ക്കെതിരെ തളിപ്പമ്പ് പൊലീസ് കേസെടുത്തു.
സര്‍ സയ്യിദ് കോളജില്‍ ഒന്നാം വര്‍ഷ ബി.കോ വിദ്യാര്‍ഥിയായ മുഹമ്മദ് ഷാസിന് മര്‍ദമേറ്റത് കഴിഞ്ഞ മൂന്നാം തിയതി. രണ്ടാം പ്രതി ഫഹീമാണ് മുഹമ്മദ് ഷാസിനെ ഫോണില്‍ വിളിച്ച് കോളജിനടുത്തുള്ള ടര്‍ഫിലേക്ക് വരാന്‍ പറഞ്ഞത്. ബൈക്കില്‍ ഫഹീമിന്‍റെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി ബെല്‍റ്റ്, കേബിള്‍ എന്നിവകൊണ്ട് ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ചു. തീര്‍ന്നില്ല, മര്‍ദനം കഴിഞ്ഞതിന് ശേഷം ഡാന്‍സ് ചെയ്യിപ്പിച്ചെന്നും പണം ആവശ്യപ്പെട്ടെന്നും കാട്ടാമ്പള്ളി സ്വദേശിയായ മുഹമ്മദ് ഷാസ് പറഞ്ഞു.
ജൂണ്‍ 19ന് സര്‍ സയ്യിദ് കോളജില്‍ റാഗിങ്ങിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ രണ്ട് വിദ്യാര്‍ഥി സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. റാഗിങ്ങിനെ അനുകൂലിച്ചവരെ പിന്നീട് കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ഈ സംഘത്തില്‍പെട്ടയാളാണ് ഫഹീം. പിന്നീട് പരീക്ഷയെഴുതാന്‍ മാത്രം ഹൈക്കോടതിയില്‍ നിന്ന് താത്കാലിക ഉത്തരവുനേടിയ ഇവര്‍ കോളജിലെത്തി മുഹമ്മദ് ഷാസിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തന്‍റെ കൂടെ മറ്റു സുഹൃത്തുക്കളെയും റാഗിങ്ങിനിരയാക്കിയെന്നാണ് ഷാസിന്‍റെ ആരോപണം. എന്നാല്‍ ഇവര്‍ പരാതി നല്‍കിയിട്ടില്ല. ഫഹീമിനെ കൂടാതെ റാഗിങ്ങ് പരാതിയില്‍ ബാസിലിനെയും സസ്പെന്‍ഡ് ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു.