ബെംഗളൂരുവില്‍ ഡോക്ടര്‍ ഭാര്യയെ അനസ്തീസിയ മരുന്ന് കുത്തിവച്ച് കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. ഭാര്യയുടെ കൊലപാതത്തിന് പിന്നാലെ ‘നിനക്കുവേണ്ടിയാണ് ഞാൻ എന്‍റെ ഭാര്യയെ കൊന്നത്’ എന്ന് പ്രതിയായ ഡോ.മഹേന്ദ്ര റെഡ്ഢി അഞ്ച് സ്ത്രീകള്‍ക്ക് സന്ദേശമയച്ചതായി പൊലീസ് വ്യക്തമാക്കി. ഭാര്യ മരിച്ച് ആഴ്ചകൾക്ക് ശേഷമായിരുന്നു ഇത്. തന്‍റെ വിവാഹാഭ്യർത്ഥന നിരസിച്ച മെഡിക്കൽ പ്രൊഫഷണലായ ഒരുയുവതി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഡോക്ടര്‍ മെസേജ് അയച്ചത്.
മെഡിക്കല്‍ പ്രൊഫഷണലായ യുവതിക്ക് അയച്ച സന്ദേശമാണ് ഇതില്‍ നിര്‍ണായകം. യുവതി സമൂഹമാധ്യമങ്ങളില്‍ ഇയാളെ ആദ്യംതന്നെ ബ്ലോക്ക് ചെയ്തിരുന്നു. അതിനാല്‍ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഫോണ്‍ പേ വഴിയാണ് ഡോ. മഹേന്ദ്ര സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു. അത് തന്നോട് എങ്ങനെയെങ്കിലും സംസാരിക്കാന്‍ അയാള്‍ കണ്ടെത്തിയ ഒരുമാര്‍ഗം മാത്രമാണെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാല്‍ കേസില്‍ മഹേന്ദ്ര അറസ്റ്റിലായതോടെ യുവതിക്കും കാര്യം വ്യക്തമായി. അതേസമയം, കുറ്റകൃത്യത്തിൽ യുവതിക്ക് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
2023 വരെ മഹേന്ദ്ര, മുംബൈ സ്വദേശിയായഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഇയാള്‍ യുവതിയെ പലതവണ കണ്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് സ്വന്തം പിതാവിനെക്കൊണ്ട്, താന്‍ മരിച്ചുപോയെന്ന് യുവതിയോട് പറയിപ്പിച്ചു. എന്നാല്‍ ഭാര്യയുടെ മരണശേഷം സെപ്റ്റംബറിൽ മഹേന്ദ്ര വീണ്ടും യുവതിയെ വിളിക്കുകയും താൻ മരിച്ചിട്ടില്ലെന്ന് പറയുകയും ചെയ്തു. ഭാര്യ മരിച്ചുപോയതിനാൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു.
കൊലപതകവുമായി ബന്ധപ്പെട്ട് പൊലീസ് മഹേന്ദ്രയുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ സന്ദേശമയച്ച മെഡിക്കല്‍ പ്രൊഫഷണലായ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രണ്ടാമതും വിവാഹം കഴിക്കാന്‍ വേണ്ടിയായിരിക്കാം മുമ്പ് തന്നെ ഉപേക്ഷിച്ച സ്ത്രീകളുമായി ബന്ധപ്പെടുകയും വീണ്ടും വിവാഹാഭ്യർത്ഥന നടത്തിയതുമെന്നുമാണ് പൊലീസ് കരുതുന്നത്.
കഴിഞ്ഞ ഏപ്രിൽ 24നാണ് അമിതമായ അളവില്‍ അനസ്തീസിയ മരുന്നുകള്‍ കുത്തിവച്ച് ഡോ. മഹേന്ദ്ര റെഡ്ഡി ഭാര്യ ഡോ. കൃതികയെ കൊലപ്പെടുത്തിയത്. ഒക്ടോബർ 14 ന് ഉഡുപ്പിയിലെ മണിപ്പാലിൽ നിന്ന് മഹേന്ദ്രയെ അറസ്റ്റ് ചെയ്തു. മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി തന്റെ മെഡിക്കൽ വൈദഗ്ദ്ധ്യം ഉപയോഗിച്ചതായാണ് പൊലീസ് കരുതുന്നത്.