Image Credit:X
സ്വന്തം മകനുള്‍പ്പടെ മൂന്ന് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ 'കില്ലര്‍ മോ'മിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹരിയാന സ്വദേശിയായ പൂനമാണ് നാലുവയസുകാരനായ സ്വന്തം മകനെയും ഭര്‍തൃസഹോദരിയുടെ മകളെയും ബന്ധുവായ കുട്ടിയെയും ദാരുണമായി കൊലപ്പെടുത്തിയത്. 2023ല്‍ മകനെ കൊല്ലുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പാട്ടിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു പൂനത്തിന്‍റെ മകന്‍ ശുഭവും ഭര്‍തൃസഹോദരിയുടെ മകളായ ഇഷികയും. കട്ടിലിലെ മെത്തയില്‍ കിടന്ന് ചാടിക്കളിക്കുന്ന കുട്ടികള്‍ക്കൊപ്പം പൂനവും നൃത്തം വയ്ക്കാന്‍ കൂടി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇഷികയെ വാട്ടര്‍ ടാങ്കിലെ വെള്ളത്തില്‍ പൂനം മുക്കിക്കൊന്നു. സംശയമുന തന്‍റെ നേര്‍ക്ക് വരാതിരിക്കാന്‍ മകനെയും ഉടന്‍ തന്നെ സമാന രീതിയില്‍ കൊലപ്പെടുത്തി. പൊലീസിന്‍റെ അന്വേഷണം വഴി തിരിച്ചു വിടുന്നതിനായിരുന്നു ഈ ക്രൂരത.
2021ല്‍ അനന്തരവളായ ആറുവയസുകാരി വിധിയെ കൊലപ്പെടുത്താനും പൂനം ശ്രമിച്ചിരുന്നു. കെറ്റിലില്‍ ചായ തിളപ്പിച്ച ശേഷം അത് കുട്ടിയുടെ മുഖത്തൊഴിച്ച് പൊള്ളിച്ചായിരുന്നു കൊലപാതകത്തിന് ശ്രമിച്ചത്. ഭാഗ്യം കൊണ്ട് പെണ്‍കുട്ടി രക്ഷപെട്ടു. എന്നാല്‍ കഴിഞ്ഞയാഴ്ച ബന്ധുവിന്‍റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പൂനം ഈ പെണ്‍കുട്ടിയെ സ്റ്റോര്‍ റൂമിലെ ടബിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. തുടര്‍ന്ന് മൃതദേഹം കുട്ടിയുടെ മുത്തശ്ശിയുടെ മുറിയില്‍ കൊണ്ടിട്ടു. കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ട ആളുകള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. വിധിയുടെ മരണം കൊലപാതകമാണെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
സ്വന്തം സൗന്ദര്യത്തെ കുറിച്ചുള്ള അപകര്‍ഷതാബോധത്തെ തുടര്‍ന്നാണ് പൂനം കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. തന്നെക്കാള്‍ കൂടുതല്‍ സുന്ദരിയായി ആരും ഉണ്ടാകാന്‍ പാടില്ലെന്ന തോന്നലാണ് കൃത്യം ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. പൂനത്തിന് പരമാവധി ശിക്ഷ നല്‍കണമെന്നും അല്ലെങ്കില്‍ എത്ര കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായേക്കുമെന്ന് ആലോചിക്കാനാവുന്നില്ലെന്നും കൊല്ലപ്പെട്ട വിധിയുടെ പിതാവ് സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.