Image Credit: Meta AI

വീട്ടില്‍ നിന്നും കടയിലേക്ക് പോയ പെണ്‍കുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായി  പരാതി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവുണ്ടായത്. കടയിലേക്ക് പോയ അനുജത്തിയെ നേരം വൈകിയിട്ടും കാണാതായതോടെ സഹോദരി പൊലീസിനെ സമീപിക്കുകയായിരുന്നു. പരിസര പ്രദേശങ്ങളിലെല്ലാം തിര‍ഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പുലര്‍ച്ചെ നാലരയോടെ മുറിവേറ്റ് അവശയായ നിലയില്‍ വീടിന് സമീപത്ത് നിന്നും കണ്ടെത്തിയെന്നും കുടുംബം വെളിപ്പെടുത്തി.

കാറിലെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയെ ബലമായി കാറില്‍ക്കയറ്റിക്കൊണ്ട് പോവുകയായിരുന്നു. അബോധാവസ്ഥയിലാക്കിയ ശേഷം നാലുപേരും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തുവെന്നും തുടര്‍ന്ന് പുലര്‍ച്ചയോടെ വഴിയില്‍ കൊണ്ട് ഉപേക്ഷിച്ച ശേഷം സംഘം രക്ഷപെട്ടെന്നുമാണ് പരാതി

കുടുംബത്തിന്‍റെ പരാതിയില്‍ അജ്ഞാതരായ യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മൊഴി നല്‍കാനുള്ള മാനസികാവസ്ഥയില്‍ അല്ല പെണ്‍കുട്ടിയെന്നും മതിയായ കൗണ്‍സിലിങ് അടക്കമുള്ള സൗകര്യങ്ങളൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിക്കുകയും പരിശോധന നടത്തുകയുമാണ്. സെക്ടര്‍ 18 മാര്‍ക്കറ്റിലേക്കാണ് സംഭവ ദിവസം പെണ്‍കുട്ടി വീട്ടില്‍ നിന്നും പോയത്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുറ്റക്കാരെ വൈകാതെ പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:

Faridabad rape case is under investigation by police. A young girl was allegedly abducted and sexually assaulted in Faridabad, Haryana, prompting a police investigation and search for the perpetrators.