അറസ്റ്റിലായ മനോജ് കുമാര്‍, കൊല്ലപ്പെട്ട ദര്‍ശന്‍
ബെംഗളൂരുവിൽ റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റില്‍. മലയാളിയായ മനോജ് കുമാറും (32) ഭാര്യ ജമ്മു കശ്മീര്‍ സ്വദേശിനി ആരതി ശർമ്മ (30)യുമാണ് അറസ്റ്റിലായത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഒക്ടോബർ 25 ന് പുട്ടേനഹള്ളിയിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ നടരാജ ലേഔട്ടിൽ വച്ച് ദർശന്‍റെ സ്കൂട്ടർ മനോജിന്‍റെ കാറില്‍ ഇടിക്കുകയും വലതുവശത്തെ റിയർവ്യൂ മിററിന് നേരിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ദര്‍ശന്‍ പെട്ടെന്ന് തന്നെ ക്ഷമ പറഞ്ഞ് സ്കൂട്ടര്‍ ഓടിച്ചുപോയി. എന്നാല്‍ രോഷാകുലനായ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്‍റെ സ്കൂട്ടര്‍ പിന്തുടരുകയും പിന്നിൽ നിന്ന് കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ദര്‍ശനെയും പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് വരുണിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുമ്പേ ദര്‍ശന്‍ മരിച്ചു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദർശന്‍റെ സഹോദരി ജെ.പി. നഗർ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അപകടസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളില്‍ നിന്ന് ഇത് മനപ്പൂര്‍വമുണ്ടാക്കിയ അപകടമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. തുടർന്ന് കൊലപാതകത്തിന് മറ്റൊരു കേസുകൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം, അറസ്റ്റിലായ ദമ്പതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ദർശനെ ഇടിച്ചുവീഴ്ത്തിയ സമയത്ത് താൻ ഒറ്റയ്ക്കായിരുന്നുവെന്നാണ് മനോജിന്‍റെ വാദം. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ, കൊലപാതകക്കുറ്റം ചുമത്തിയാണ് മനോജിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്.