40 വർഷത്തോളമായി മുസ്ലിം ലീഗ് ഭരണമുള്ള കുമ്പള ഗ്രാമപഞ്ചായത്തിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ്. ഷോപ്പിംഗ് കോംപ്ലക്സ്, വെയിറ്റിംഗ് ഷെഡ്, ശുചിമുറി നിർമ്മാണം തുടങ്ങി എല്ലാ പദ്ധതികളിലും വൻ അഴിമതി എന്നാണ് ആരോപണം. പണം തട്ടാൻ പഞ്ചായത്തിലെ പോസ്റ്റുകളെക്കാൾ കൂടുതൽ വഴിവിളക്കുകൾ സ്ഥാപിച്ചതായി കണക്കുണ്ടാക്കിയെന്നും ആരോപണം.
നാലു പതിറ്റാണ്ടായി മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയാണ് കുമ്പള ഗ്രാമപഞ്ചായത്ത്. പ്രതിപക്ഷം ദുർബലമായ പഞ്ചായത്തിൽ മുമ്പെങ്ങുമില്ലാത്തതുപോലെ ഭരണസമിതിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളാണ് ഉയർന്നുവരുന്നത്. അഴിമതി ആരോപണങ്ങൾ അക്കമിട്ട് നിരത്തി യൂത്ത് ലീഗ് കുമ്പള പ്രസിഡൻറ് കെ.എം. അബ്ബാസാണ് രംഗത്തെത്തിയിരിക്കുന്നത്. ആയിരം സ്ക്വയർ ഫീറ്റിൽ താഴെയുള്ള വഴിയോര വിശ്രമകേന്ദ്രത്തിന് ചെലവ് 40 ലക്ഷം. കരാറുകാരൻ പ്രസിഡൻ്റ് ഭർത്താവിന്റെ സുഹൃത്ത്. അതേ കരാറുകാരന് നാല് ബസ് വെയിറ്റിംഗ് ഷെഡിന്റെ നിർമ്മാണവും നൽകി. അതും 40 ലക്ഷം തന്നെ ചെലവ്. ബില്ല് മാറ്റി നൽകാൻ വിസമ്മതിച്ച സെക്രട്ടറിയെ സ്ഥലം മാറ്റി. വിവരാവകാശ മറുപടിയിൽ ലഭിച്ച തെരുവ് വിളക്കുകളുടെ കണക്ക് പഞ്ചായത്തിലെ പോസ്റ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ എന്നാണ് അബ്ബാസിന്റെ ആരോപണം.
കുമ്പള ടൗണിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ പ്രസിഡൻ്റിൻ്റെ ഭർത്താവിൻ്റെ സുഹൃത്തിന് ടെൻഡർ പോലും വിളിക്കാതെയാണ് കരാർ നൽകിയത്. 25 പേർ പങ്കെടുക്കുന്ന ഭരണസമിതി യോഗത്തിൽ ചായ വിതരണം ചെയ്യാൻ 15 ലക്ഷം ചെലവായി എന്ന വിചിത്ര കണക്കും പുറത്തുവന്നിട്ടുണ്ട്. ഇവ ഉൾപ്പെടെ രേഖകളുടെ അടിസ്ഥാനത്തിൽ 11 അഴിമതി ആരോപണങ്ങളാണ് യൂത്ത് ലീഗ് നേതാവ് മുസ്ലിം ലീഗ് ഭരണസമിതിക്കെതിരെ ഉയർത്തുന്നത്.