ഭാര്യ വഴക്കിട്ട് പോയതിന് പിന്നാലെ ഇരട്ടക്കുട്ടികളെ കഴുത്തറത്ത് കൊന്ന് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് സംഭവം. കുട്ടികളെ കഴുത്തറുത്ത് കൊന്നതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ രാഹുൽ ചവാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയും രണ്ട് പെൺമക്കളുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് ദമ്പതികള്‍ക്കിടയില്‍ രൂക്ഷമായ തർക്കം ഉണ്ടായത്. വഴക്കിനിടെ രാഹുലിന്‍റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. അതേസമയം, രാഹുല്‍ തന്‍റെ രണ്ടുവയസുള്ള പെൺമക്കളോടൊപ്പം യാത്ര തുടർന്നു. എന്നാല്‍ രോഷം സഹിക്കാനാകാതെ ഇയാള്‍ പെൺകുട്ടികളെ ബുൽദാന ജില്ലയിലെ അഞ്ചാർവാടിയിലെ ഒരു വനപ്രദേശത്തെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ നേരിട്ട് വാഷിം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
രാഹുലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനും പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണോ എന്നും കണ്ടെത്തുന്നതിനായി ഫോറൻസിക് പരിശോധനയും പോസ്റ്റ്‌മോർട്ടവും നടക്കുന്നുണ്ട്.