എറണാകുളം നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് 58 വയസുകാരി അനിത മരിച്ചത്. മകൻ ബിനുവിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അനിതയെ മൂന്ന് മാസം മുൻപാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ക്രൂരമർദ്ദനമാണ് ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനിതയുടെ ശരീരത്തിലാകെ കമ്പ് കൊണ്ട് മർദിച്ചതിന്റെ പാടുകളുണ്ട്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിൽ മകന്റെ ഭാര്യയുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.
വീണ് മരിച്ചതെന്ന് പറഞ്ഞ് ബന്ധുക്കൾ ഇക്കഴിഞ്ഞ 30നാണ് അനിതയെ ആലുവ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനിതയെ മർദ്ദിച്ച കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായത്. തുടർന്ന് മകൻ ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശരീരത്തിലെ മുറിവുകൾ മാനസിക നില തെറ്റി അമ്മ സ്വയം ഉണ്ടാക്കിയതാണെന്നാണ് ബിനുവും മരുകൾ അജിതയും മൊഴി നൽകിയത്. മൂന്ന് ആൺമക്കളുള്ള അനിതയെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചതാണ്. തുടർന്ന് ഇടുക്കിയിലെ ഒരു മേഴ്സി ഹോമിലാണ് ഇവർ താമസിച്ചു വന്നിരുന്നത്.