കോതമംഗലത്ത് പറമ്പില്‍ പാമ്പ് കയറിയെന്ന് പറഞ്ഞുപറ്റിച്ച് എണ്‍പതുകാരിയുടെ മാല പൊട്ടിച്ച പ്രതി പിടിയില്‍.  ബംഗാളുകാരന്‍ ഹസ്മത്തിനെയാണ് കോതമംഗലം പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. ഇടുപ്പെല്ല് പൊട്ടിയ വീട്ടമ്മ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ ഏലിയാമ്മയുടെ ഒന്നരപവന്‍റെ മാലയുമായി കടന്ന പ്രതിയെ രാതി തന്നെ പൊലീസ് പൊക്കി. മൂവാറ്റുപുഴയില്‍ നിന്നാണ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി  ഹസ്മത്തിനെ പിടികൂടിയത്. പൊട്ടിച്ച മാലയും കയ്യില്‍ നിന്ന് കണ്ടെത്തി. ചെവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഹസ്മത്ത് ഏലിയാമ്മയുടെ മാലപൊട്ടിച്ച് കടന്നത്. പറമ്പില്‍ പാമ്പ് കയറിയെന്ന് പറഞ്ഞാണ് ഹസ്മത്ത് വീട്ടിലെത്തുന്നത്. 

പറമ്പിലേക്ക് കൈചൂണ്ടിക്കാട്ടിയതോടെ ഏലിയാമ്മ ഇത് നോക്കാനായി പുറത്തിറങ്ങി. കൈചൂണ്ടിയ സ്ഥലത്ത് പാമ്പിനെ തിരയുന്നതിനിടെ ഏലിയാമ്മയുടെ കഴുത്തിലെ മാല പൊട്ടിച്ച്  ഹസ്മത്ത് ഓടിരക്ഷപ്പെട്ടു. മാലപൊട്ടിക്കുന്നതിനിടെ നിലത്തുവീണ ഏലിയാമ്മയുടെ ഇടുപ്പെല്ല് പൊട്ടി. 

ഏലിയാമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പിച്ചായിരുന്നു മാലപൊട്ടിച്ചതെങ്കിലും സിസിടിവി കള്ളനെ ചതിച്ചു. വെപ്രാളത്തില്‍ ഓടുന്നതിനിടെ കൈവിട്ട് പോയ മാല എടുക്കാന്‍ തിരിഞ്ഞതിനാല്‍ മോഷ്ടാവിന്‍റെ മുഖ്യം കൃത്യമായി ക്യാമറയില്‍ പതിഞ്ഞു. നാല് മണിക്കൂറിനകം ഇൻസ്പെക്ടർ PT ബിജോയിയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടി.

ENGLISH SUMMARY:

Man arrested for tricking elderly woman in Kothamangalam by saying a snake had entered the yard, then snatching her necklace. The accused, Hasmath, a native of Bengal, was caught by Kothamangalam police within hours. The elderly woman, who suffered a fractured hip, is currently undergoing treatment at the hospital