chenthamara-verdict

പാലക്കാട് നെന്മാറ സജിത വധക്കേസില്‍ പ്രതിയായ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി നിരീക്ഷിച്ചു. 3.25 ലക്ഷം രൂപ പിഴയും ഒടുക്കണം. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അതേസമയം, സുധാകരൻ, ലക്ഷ്മി വധകേസില്‍ വിചാരണ തുടരുകയാണ്.

അതേസമയം, ശിക്ഷാവിധിയില്‍ തൃപ്തരെന്ന് പൊലീസ് പ്രതികരിച്ചു. തെളിവുകള്‍ നിര്‍ണായകമായെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു. ചെറിയ ശാസ്ത്രീയതെളിവ് വരെ കോടതിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. കാല്‍പാദത്തിന്റെ പാടും തുണിയുടെ കഷണവും നിര്‍ണായകമായി. സാക്ഷികള്‍ക്ക് ഭീഷണി ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചുമാസം നീണ്ട വിചാരണക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളും 44 സാക്ഷികളെയും പ്രോസിക്യൂഷൻ ഹാജറാക്കിയിരുന്നു. ചെന്താമരക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വിധി കേൾക്കാൻ സജിതയുടെ മക്കൾ കോടതിയിൽ എത്തിയിരുന്നു.

തന്റെ കുടുംബം തകർത്തത് സജിതയാണെന്ന മന്ത്രവാദിയുടെ വാക്ക് കേട്ടാണ് 2019 ഓഗസ്റ്റ് 31 ന് ചെന്താമര സജിതയെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയേയും കൊന്നു. സജിതയുടെ വീട്ടിലെ ചെന്താമരയുടെ കാൽപാടും കൊലചെയ്ത് പ്രതി പുറത്തിറങ്ങുന്നത് കണ്ട അയൽക്കാരി പുഷ്പയുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്.

ENGLISH SUMMARY:

In the Palakkad Nenmara Sajitha murder case, the district additional sessions court sentenced the accused, Chenthambara, to double life imprisonment. After a five-month-long trial, the court found him guilty of murder, evidence destruction, and trespassing. The prosecution had demanded the death penalty for the convict. Sajitha’s children were present in court to hear the verdict. The crime dates back to August 31, 2019, when Chenthambara brutally murdered Sajitha at her home, accusing her of destroying his family. Later, while out on bail, he also killed Sajitha’s husband Sudhakaran and her mother Lakshmi on January 27, 2025.