ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാന്‍ ശ്രമിച്ച ഡോക്ടറായ ഭർത്താവ് ആറുമാസത്തിന് ശേഷം കൊലപാതകക്കുറ്റത്തിന് അറസ്റ്റില്‍. വിക്ടോറിയ ആശുപത്രിയിലെ ജനറൽ ഫിസിഷ്യന്‍ ഡോ. മഹേന്ദ്ര റെഡ്ഡിയെയാണ് അതേ ആശുപത്രിയിലെ തന്നെ ഡെർമറ്റോളജിസ്റ്റായ ഡോ. കൃതിക റെഡ്ഡിയുടെ മരണത്തില്‍ അറസ്റ്റ് ചെയ്തത്. കൃതികയുടെ ശരീരത്തില്‍ അമിതമായ അളവില്‍ അനസ്തീസിയ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഭര്‍ത്താവായ ഡോ. മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്.
ഏപ്രിൽ 21 നാണ് സംഭവം. കൃതികയെ ഭര്‍ത്താവ് മഹേന്ദ്ര റെഡ്ഡി തന്നെയാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നത്. കൃതിക സുഖമില്ലാതെ ചികില്‍സയിലായിരുന്നു എന്നായിരുന്നു മഹേന്ദ്രയുടെ വാദം. ആശുപത്രിയില്‍ വച്ച് കൃതിക മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ മാറത്തഹള്ളി പൊലീസ് സ്റ്റേഷനിൽ ൃഅസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, ഒരു കാനുല സെറ്റ്, ഇന്‍ജക്ഷൻ ട്യൂബ്, മെഡിക്കൽ വസ്തുക്കൾ എന്നിവയുൾപ്പെടെ പ്രധാന തെളിവുകൾ കണ്ടെടുക്കുകയും ഇവ ഫോറൻസിക് വിശകലനത്തിനായി അയക്കുകയും ചെയ്തു.
മരണകാരണം കണ്ടെത്തുന്നതിനായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. ഫോറന്‍സിക് റിപ്പോർട്ടിലാണ് കൃതികയുടെ അവയവങ്ങളിൽ ശക്തമായ അനസ്തെറ്റിക് മരുന്നായ പ്രൊപ്പോഫോളിന്റെ അമിതമായ സാന്നിധ്യം സ്ഥിരീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃതികയുടെ പിതാവ് ഒക്ടോബർ 13 ന് മഹേന്ദ്രയ്ക്കെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മാറത്തഹള്ളി പൊലീസ് ഒക്ടോബർ 14 ന് തീരദേശ കർണാടകയിലെ പട്ടണമായ മണിപ്പാലിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി തന്റെ മെഡിക്കൽ വൈദഗ്ദ്ധ്യം ഉപയോഗിച്ചതായാണ് പൊലീസ് കരുതുന്നത്. കൃതികയ്ക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിവാഹത്തിന് മുന്‍പ് ഇവ വെളിപ്പെടുത്തിയിരുന്നില്ല അതില്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മഹോന്ദ്രയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി മുൻകൂട്ടി കുറ്റകൃത്യം ആസൂത്രണം ചെയ്തിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മെയ് 26 നാണ് ഇരുവരും വിവാഹിതരായത്.