ബംഗാളിലെ ദുർഗാപുരിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി ബംഗാള്‍ പൊലീസ്. പെണ്‍കുട്ടി ചികില്‍സയിലുള്ള ആശുപത്രിയില്‍ എത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. താന്‍ അനുഭവിച്ച ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വിവരണമാണ് കുട്ടി പൊലീസിന് നല്‍കിയത്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് മൊഴി പുറത്തുവിട്ടത്.
പെണ്‍കുട്ടിയും സുഹൃത്തും അത്താഴം കഴിക്കാന്‍ രാത്രി ക്യാംപസിന് പുറത്തിറങ്ങിയപ്പോഴാണ് ക്രൂരകൃത്യം അരങ്ങേറിയത്. ഒരു കൂട്ടം പുരുഷന്മാർ ഇരുവരേയും തടഞ്ഞു നിര്‍ത്തുകയായിരുന്നു. ‘അവർ വാഹനം നിര്‍ത്തി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞാനും എന്‍റെ സുഹൃത്തും ശ്രദ്ധിച്ചു. ഞങ്ങൾ ഓടാൻ തുടങ്ങി. അപ്പോൾ, മൂന്ന് പേർ ഞങ്ങളുടെ പിന്നാലെ ഓടി, എന്നെ പിടിച്ചു, കാട്ടിലേക്ക് വലിച്ചിഴച്ചു’ പെണ്‍കുട്ടി പറഞ്ഞു. ‘എന്നെ പിന്നില്‍ നിന്നും പിടിച്ചുവച്ച് അവര്‍ എന്‍റെ ഫോണ്‍ വാങ്ങി, സുഹൃത്തിനെ വിളിക്കാൻ പറഞ്ഞു. അവൻ വരാത്തപ്പോൾ, അവര്‍ എന്നെ ബലമായി നിലത്തുകിടത്തി. ഞാൻ നിലവിളിച്ചപ്പോൾ, ശബ്ദമുണ്ടാക്കിയാൽ കൂടുതൽ പേരെ വിളിക്കുമെന്നും പറഞ്ഞു’ താന്‍ അനുഭവിച്ച ഭീകരത പെണ്‍കുട്ടി വിവരിച്ചു.
ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പഠിക്കുന്ന, ഒഡീഷയിലെ ജലേശ്വറിൽ നിന്നുള്ള രണ്ടാം വർഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് വെള്ളിയാഴ്ച രാത്രി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാൾ കോളജിലെ മുൻ സെക്യൂരിറ്റി ഗാർഡാണ്, മറ്റൊരാൾ ആശുപത്രിയിൽ ജോലി ചെയ്യുന്നു, ഒരാൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളാണ്. കോളജ് ഗേറ്റിന് സമീപമുള്ള ശ്മശാനത്തോട് ചേർന്നുള്ള കാട്ടിലെത്തിച്ചായിരുന്നു ക്രൂരബലാല്‍സംഘം.