രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി.സാജന്‍. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സജന ഫെയ്സ്ബുക്കില്‍ കുറിച്ചു. നടപടി വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരുമെന്നും നേതൃത്വം ഇതൊരു സൂചനയായി കാണണമെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍, സണ്ണി ജോസഫ്, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് സജനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അതേ സമയം ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം പൂർത്തിയായി. നാളെ വിധി പറയും. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഒന്നേകാൽ മണിക്കൂറാണ് വാദം നീണ്ടത്. അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന് രാഹുലും പരാതിക്കാരിയും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ ഒഴിവാക്കിയാണ് വാദം കേട്ടത്. രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നൽകിയതെന്ന് രാഹുലിന്‍റെ അഭിഭാഷകൻ വാദിച്ചു. ‘കേസിനു പിന്നിൽ സിപിഎം–ബിജെപി ഗൂഢാലോചനയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗർഭഛിദ്രം നടത്തിയത് യുവതിയാണ്.’ ശബരിമല സ്വർണക്കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുൽ വാദിച്ചു.

ENGLISH SUMMARY:

Rahul Mankootathil faces allegations and a party warning. A Youth Congress leader has cautioned party leaders about inaction regarding the Rahul Mankootathil issue, while his bail plea hearing concludes with the verdict pending.